മതം ഭീകരതയോ സമാധാനമോ?



റഈസ്‌ പെരിങ്ങാടി
മനുഷ്യന്‍ പാപകൃത്യങ്ങളിലേര്‍പ്പെടുന്നതിന്റെ മുഖ്യകാരണം ഭൗതികലോകത്തോടുള്ള അവന്റെ കാഴ്ചപ്പാടാണ്‌. താനും ലോകവും എന്തിനു സൃഷ്ടിക്കപ്പെട്ടു? പര്യവസാനം എന്ത്‌?.... നമ്മുടെ പ്രപഞ്ചവീക്ഷണമാണ്‌ യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതം നിര്‍ണയിക്കുന്നത്‌. ആദര്‍ശം, ലക്ഷ്യം, മാര്‍ഗം എന്നീ ജീവിതസ്പര്‍ശിയായ ചില മൗലികഘടകങ്ങള്‍ ഒരാളുടെ ജീവിതവീക്ഷണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കും. ജീവിതത്തെക്കുറിച്ച കാഴ്ചപ്പാടാണ്‌ മനുഷ്യന്റെ നന്മ തിന്മകളെ രൂപപ്പെടുത്തുന്നത്‌. ഇതില്‍ മതത്തിന്റെ പങ്ക്‌ അനിഷേധ്യമാണ്‌. മതങ്ങളെല്ലാം അന്യായമായ ഹിംസയെ വിലക്കുന്നു. ഒരു മതവും അന്യനോട്‌ വിദ്വേഷം പുലര്‍ത്തുന്നില്ല. കരുണ, സ്നേഹം, സാഹോദര്യം എന്നീ സദ്ഗുണങ്ങളാണ്‌ മതങ്ങള്‍ മനുഷ്യനില്‍ ഉത്തേജിപ്പിക്കുന്നത്‌. നിരപരാധികളെ കൊല്ലുന്നതും പീഡിപ്പിക്കുന്നതും മതം ശക്തിയായി എതിര്‍ക്കുന്നു.


ജനങ്ങള്‍ക്കിടയില്‍ ഭിതി വളര്‍ത്തി സ്വന്തം രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്‌ ഭീകരപ്രവര്‍ത്തനത്തിറങ്ങുന്നവരുടെ ഉദ്ദേശ്യം. ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ തല്‍പരകക്ഷികള്‍ നടത്തുന്ന പ്രവര്‍ത്തനം മാത്രമല്ല, ഭരണാധികാരികള്‍ സ്വന്തം സുസ്ഥിരത കരുതി എതിര്‍ കക്ഷികളെ പ്രത്യേകം ലക്ഷ്യമാക്കി ജനങ്ങളെ പൊതുവില്‍ ബാധിക്കുന്ന തരത്തില്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനവും ഉണ്ട്‌. ഭരണകൂടം മുന്‍കൈയെടുത്തു നടത്തുന്ന ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ ക്രമസമാധാനപാലനത്തിന്റെ പരിവേഷം ലഭിക്കാറുണ്ടെങ്കിലും കൂടുതല്‍ മനുഷ്യജീവന്‍ ഹനിക്കപ്പെടുന്നതും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതും ഭരണകൂടഭീകരതയുടെ ഫലമായിട്ടാണ്‌. റോമന്‍ ചക്രവര്‍ത്തിമാരുടെ ഭരണം, ഫ്രഞ്ച്‌ വിപ്ലവത്തെത്തുടര്‍ന്ന്‌ നടന്ന .റെയിന്‍ ഓഫ്‌ ടെറര്‍., നാസി ജര്‍മനി, സ്റ്റ‍ാലിന്‍ യുഗത്തില്‍ കമ്യൂണിസ്റ്റ‍ുകള്‍ നടത്തിയ നരനായാട്ട്‌ തുടങ്ങിയവ ഭരണകൂടഭീകരതക്ക്‌ ഉദാഹരണങ്ങളാണ്‌.


പുരാണേതിഹാസങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ സുലഭമാണ്‌. ബൈബിള്‍ പഴയ നിയമത്തിലെ ന്യായാധിപന്‍മാരുടെ പുസ്തകം, ശാമുവലിന്റെ പുസ്തകം, രാജാക്കന്‍മാരുടെ ഒന്നും രണ്ടും പുസ്തകങ്ങള്‍, ദിനവൃത്താന്തം ഇവകളിലെല്ലാം വിവരിക്കുന്ന പലസംഭവങ്ങളും ഭീകരപ്രവര്‍ത്തനത്തിന്റെ ചോരപ്പാടുകള്‍ വീണ്‌ കറ പിടിച്ചവയാണ്‌. അതുപോലെ, മഹാഭാരതകഥയിലെ പാണ്ഡവ-കൗരവ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഒളിവിലും തെളിവിലും നടത്തുന്ന ആക്രമണങ്ങള്‍, പാണ്ഡവന്മാരും അവരുടെ ഭാര്യ പാഞ്ചാലിയും ഉറങ്ങിക്കിടന്നിരുന്ന അരയ്ക്കില്ലത്തിനു കൗരവര്‍ തീ വെക്കുന്നതും പാണ്ഡവര്‍ക്കു പകരം അതില്‍ ആ സമയം ഉറങ്ങിക്കിടന്നിരുന്ന വേടകുടുംബം അഗ്നിക്കിരയാകുന്നതും ദുര്യോധനാധികള്‍ മുന്‍കൈയെടുത്ത്‌ നടത്തിയ ഒരു ഭീകരപ്രവര്‍ത്തനമായിരുന്നില്ലേ?

ഇങ്ങനെ ഏതു പുരാണങ്ങളെടുത്തു പരിശോധിച്ചാലും അതിലെല്ലാം ശത്രുവിന്റെ നാശത്തിനുവേണ്ടി ഏതറ്റംവരെയും പോകുന്ന ക്രൂരരായ മനുഷ്യരെ കാണാം. പരിഷ്കൃത മനുഷ്യരുടെ ചരിത്രവും ഇത്തരം പാതകങ്ങളില്‍ നിന്നും മുക്തമല്ല. സ്നേഹിതരില്ലെങ്കിലും കുഴപ്പമില്ല; ഞങ്ങള്‍ക്ക്‌ ഒരു ശത്രുവിനെ തരൂ എന്നാണ്‌ എല്ലാവരും ആര്‍ത്തുവിളിക്കുന്നത്‌. സങ്കല്‍പത്തിലെങ്കിലും ഒരു ശത്രുവിനെ മുന്നില്‍ നിര്‍ത്തി മാത്രമേ ജീവിതത്തിന്റെ പോരാട്ട കളരിയില്‍ തങ്ങള്‍ക്കു ജയിച്ചുമുന്നേറാനാകൂ എന്ന ഭാവമാണിന്നു സര്‍വര്‍ക്കും.

ഈ മാനസികാവസ്ഥക്ക്‌ മിഴിവു നല്‍കുന്നതാണ്‌ 9/11 സ്ഫോടനത്തിനു ശേഷം അമേരിക്കയും അനുബന്ധ ശക്തികളും ഇസ്ലാമിനെ പ്രതിസ്ഥാനത്ത്‌ നിര്‍ത്തിക്കൊണ്ടു നടത്തുന്ന ഭീകരവിരുദ്ധ മുറവിളികള്‍ സായിപ്പിന്റെ ഭാഷയില്‍ ..ഇസ്ലാമോഫോബിയ.. എന്ന ഓമനപ്പേരില്‍ വിളിക്കുന്നു.

ഇസ്ലാം-തീവ്രവാദം-ഭീകരപ്രവര്‍ത്തനം എന്നൊരു പുതിയ ഫോര്‍മുല രൂപപ്പെടുത്തി സാമന്യജനങ്ങളുടെ മസ്തിഷ്ക്കത്തില്‍ നട്ടുവളര്‍ത്താനുള്ള ശ്രമമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഇസ്ലാമിനെ ഭീകരതയുടെ മതമായും മുസ്ലിം സമുദായത്തെ ഭീകര സമുദായമായും പ്രചണ്ഡമായി പ്രചരിപ്പിക്കുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ പങ്ക്‌ ചെറുതല്ല. ഇസ്ലാമിലെ .ജിഹാദ്‌. എന്ന സങ്കല്‍പത്തെ ഭീകരവാദവുമായി അറിഞ്ഞോ അറിയാതെയോ പലരും ബന്ധിപ്പിക്കാറുണ്ട്‌. ഇത്‌ ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവരുടെ അരുതാത്ത ചെയ്തികളുടെ പാപഭാരം മൊത്തം സമൂഹത്തില്‍ വെച്ചുകെട്ടി ആ മതവിഭാഗത്തെ കരിവാരിത്തേക്കുന്ന വഴിവിട്ട രീതിയാണ്‌.

ഇസ്ലാം ശാന്തിയും സമാധാനവുമാണ്‌ പ്രചരിപ്പിക്കുന്നത്‌. അന്യായമായി ഒരാളെ വധിക്കുന്നത്‌ മനുഷ്യവംശത്തെ മുഴുവന്‍ വധിക്കുന്നതിന്‌ തുല്യമാണെന്ന്‌ വിശുദ്ധഖുര്‍ആന്‍ പറയുന്നു. (5:32) അന്യമതസഹോദരങ്ങളെ കൊന്ന്‌ മരണമടഞ്ഞാല്‍ അത്‌ സ്വര്‍ഗത്തിലേക്കുള്ള പാസ്പോര്‍ട്ടല്ല, പ്രത്യുത ഒരു അമുസ്ലിം പൗരനെ അപായപ്പെടുത്തുന്നവന്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ലെന്നാണ്‌ പ്രവാചകന്‍ താക്കീത്‌ ചെയ്തത്‌. പിന്നെ എങ്ങിനെയാണ്‌ ഇസ്ലാമിനെ ഭീകര മതമായി ചിത്രീകരിക്കുന്നത്‌?

നമ്മുടെ രാജ്യത്ത്‌ നടന്ന പാര്‍ലമെന്റ്‌ ആക്രമണം മുതല്‍ ഒടുവില്‍ അരങ്ങേറിയ മുംബൈ ഭീകരാക്രമണം വരെയുള്ള സമഭാവങ്ങളില്‍ കൊല്ലപ്പെട്ടവരായി സൈനികരും പോലീസും തീവ്രവാദികളും സാധാരണക്കാരും എല്ലാം ഉണ്ട്‌. ഭീകര-വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട്‌ നിരപരാധികളെ കൊന്നൊടുക്കുകയും രാജ്യം അരക്ഷിതമാക്കുകയും ചെയ്യുന്നവര്‍ ആരായാലും പിടികൂടി നിര്‍ദാക്ഷിണ്യം ശിക്ഷിക്കണമെന്ന കാര്യത്തില്‍ രാജ്യത്തെ എല്ലാ മുസ്ലിം സംഘടനാനേതൃത്വവും ഏകാഭിപ്രായമാണ്‌.


ചില വൈരുധ്യങ്ങള്‍
ആസാം, നഗാലാന്റ്‌, മണിപ്പൂര്‍, ത്രിപിപുര മേഘാലയ, അരുണാചല്‍ ,മിസോറാം, സിക്കിം എന്നീ 8 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തീവ്രവാദപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന്‌ പറയുന്നു. ഈ സംസ്ഥാനങ്ങളില്‍ മൊത്തം 1330 ആക്രമണങ്ങളാണ്‌ 2007ല്‍ നടന്നത്‌. 2008ല്‍ ആസാം, നാഗാലാന്റ്‌, മണിപ്പൂര്‍, എന്നീ സംസ്ഥാനങ്ങളില്‍ മാത്രം 991 തീവ്രവാദി ആക്രമണങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കടുത്തുണ്ടായ സ്ഫോടനത്തില്‍ പത്തോളം പേരാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌. ഗുഹാവത്തിയിലും ആസാമിലെ 3 ജില്ലകളിലും ഉണ്ടായ സ്ഫോടന പരമ്പരകളില്‍ ചില ഗ്രാമങ്ങള്‍ തുടച്ചു നീക്കപ്പെട്ടു. ഈ ആക്രമണങ്ങളൊന്നും ഏതെങ്കിലും മതസമൂഹത്തിന്റെ തീവ്രവാദ-ഭീകരപ്രവര്‍ത്തനങ്ങളായി ആരോപിക്കപ്പെട്ടിട്ടില്ല.


സമീപകാലത്തായി ഇന്ത്യയിലുണ്ടായ സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളും സ്ഫോടനങ്ങള്‍ക്കു മുമ്പ്‌ സൂചനപോലും നല്‍കാനാവാത്ത കുറ്റ‍ാന്വോഷണ വിഭാഗക്കാര്‍ സംഭവം നടന്നാലുടന്‍ ഉത്തരവാദിത്തം ഏതെങ്കിലും മുസ്ലിം പേരുള്ള സംഘടനയുടെ മേല്‍ കെട്ടിവെക്കുന്നു. ഏതാനും മുസ്ലിം ചെറുപ്പക്കാരെ പിടികൂടി പീഡിപ്പിച്ച്‌ കുസമ്മതം നടത്തിക്കുന്ന ഭരണകൂടവും അതിനു വമ്പിച്ച പ്രചാരം നല്‍കുന്ന മാധ്യമങ്ങളും മുസ്ലിംകള്‍ ഭീകരവാദികളൂം രാജ്യദ്രോഹികളുമാണെന്ന ധാരണ വ്യാപകമായി സൃഷ്ടിക്കുന്നു. സഹോദരസമുദായങ്ങള്‍ തങ്ങളെ ഇങ്ങനെ ത്ദ്ധരിക്കുകയാണല്ലോ എന്ന ചിന്ത മുസ്ലിംകളെ കടുത്ത അസ്വസ്ഥതയിലും ആകുലതയിലും അകപ്പെടുത്തുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഇതാണ്‌ രാജ്യത്തെ അവസ്ഥ. എന്നാല്‍ മാലേഗാവ്‌, ഹൈദരാബാദിലെ മക്കാ മസ്ജിദ്‌, മഹാരാഷ്ടയിലെ നാന്ദേവ്‌, അജ്മീര്‍ പോലുള്ള പ്രദേശങ്ങളിലെ സ്ഫോടനള്‍ നടത്തിയത്‌ പ്രജ്ഞസിംഗ്‌ താക്കൂര്‍, ലഫ്നന്റ്‌ കേണല്‍ ശ്രീകാന്ത്‌ പുരോഹിത്‌, സ്വാമി ദയാനന്ദ്‌ പാണ്ഡെ, രമേശ്‌ ഉപാധ്യായ, എസ്‌. എസ്‌ റായക്കല്‍ എന്നിവരും അവരുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഫാഷിസ്റ്റ‍്‌ സംഘടനകളുമാണെന്ന്‌ തെളിയിക്കപ്പെട്ടതോടെ ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുബോധത്തിന്‌ മാറ്റം വന്നു. ഭീകരാക്രമണത്തിന്റെ ദുഷ്പേര്‌ ഇസ്ലാമില്‍ നിന്ന്‌ ഹിന്ദുത്വത്തിലേക്കും വര്‍ഗീയ ഫാസിസ്റ്റ‍ുകളിലേക്കും നീങ്ങാന്‍ തുടങ്ങി. അപ്പോഴാണ്‌ മുംബൈയിലെ ക്രൂരവും പൈശാചികവുമായ ഭീകരാക്രമണവും കൂട്ടക്കൊലയും അരങ്ങേറുന്നത്‌. ഇന്ത്യയിലെ പ്രമാദമായ സ്ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ അഭിനവ്‌ ഭാരത്‌ ഉള്‍പ്പടെയുള്ള വഗീയ ഫാഷിസ്റ്റ‍ുകളാണെന്ന സത്യം വെളിച്ചത്തുകൊണ്ടുവന്ന അന്വേഷണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ഭീകരവിരുദ്ധ സംഘത്തലവന്‍ ഹേമന്ദ്‌ കര്‍ക്കരെ കൊല്ലപ്പെട്ടു. പിന്നീട്‌ കേസന്വേഷണം ആരിലേക്ക്‌ നീങ്ങിയെന്നും അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നും നമുക്ക്‌ അറിയാവുന്നതാണ്‌. അതിനാല്‍ ഭീകരാക്രമണം ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തിവെച്ചത്‌ ഇന്ത്യന്‍ നിയമവ്യവസ്ഥക്കെന്നപോലെ ഇവിടത്തെ മതവിശ്വാസികള്‍ക്ക്‌ കൂടിയാണ്‌.

No comments:

Post a Comment