ആ മനുഷ്യ ഹൃദയം ഉറങ്ങിയില്ല



ഇ.വി അബ്ദു
മനുഷ്യനായ പ്രവാചകനാണ്‌ മുഹമ്മദ്‌ നബി. ദൈവത്തിന്റെ അടിമയായ ദൈവദൂതന്‍. തനി മനുഷ്യനെന്ന നിലയില്‍ ആ വ്യക്തിത്വത്തെ പഠിക്കുമ്പോള്‍ നാം കാണുന്നത്‌ പരിപൂര്‍ണ്ണത പ്രാപിച്ച ഒരു മനുഷ്യനെയാണ്‌. ഈ മാനവികമായ പൂര്‍ണ്ണതയോട്‌ മാത്രമേ ചേരുകയുള്ളു പ്രവാചകത്വം എന്ന ദിവ്യദാനം. ഇതാണ്‌ ഖുര്‍ആന്‍ പറയുന്നത്‌ .. തന്റെ സന്ദേശം എവിടെ വെക്കണമെന്ന്‌ അല്ലാഹുവിന്നറിയാം. .. വിണ്ണിലെ നക്ഷത്രത്തിന്റെ പ്രകാശവും മണ്ണിലെ നറുമണമുള്ള പൂവിന്റെ ലാവണ്യവും ഒത്തുചേരുമ്പോള്‍ ഒരു യുഗപ്പിറവി നടക്കുന്നു. യുഗങ്ങളുടെ മാതൃകയായ ഒരു യുഗം. എക്കാലത്തെയും മനുഷ്യ കാമാന പൂവണിയുന്ന വസന്തം

പ്രവാചകത്വം എന്ന പദവി മുഹമ്മദ്‌ എന്ന മനുഷ്യനെ മനുഷ്യരായ നമ്മില്‍ നിന്നകി ആകാശത്ത്‌ നിര്‍ത്തുന്നതല്ല. മനുഷ്യരോട്‌ ഏവുമധികം സംവദിക്കുവാന്‍ ഒരു മനുഷ്യനെ അല്ലാഹു തെരഞ്ഞെടുക്കുകയാണ്‌. മാനവികതയുടെ ദിവ്യമതത്തെ ഭൂമിയില്‍ വേറുറപ്പിക്കുവാനുള്ള ഉത്തരവാദിത്തമാണ്‌ പ്രവാചകനിയോഗം. മനുഷ്യഹൃദയത്തിലൂടെയല്ലാതെ അല്ലാഹുവിലേക്ക്‌ വഴിയില്ല ആര്‍ക്കും.

നബി തന്റെ വികാരവിചാരങ്ങള്‍ പ്രകാശിപ്പിച്ച വാക്കുകള്‍ കൊണ്ടും മനുഷ്യരോടും മനുഷ്യപ്രശ്നങ്ങളോടും സ്വീകരിച്ച നിലപാടുകള്‍കൊണ്ടും ശോഭയാര്‍ന്നു നില്‍ക്കുന്ന മാനുഷിക പരിവേഷത്തിലൂടെ ആ വ്യക്തിത്വം അറിയുമ്പോള്‍ അതിനോട്‌ വൈകാരികമായി താദാത്മ്യം പ്രാപിക്കാനുള്ള ഒരു ദാഹം നമുക്കുളവാകുന്നു. മാനുഷികതയാണല്ലോ നബി മുള്ളവരുമായി പങ്കിടുന്നത്‌. അതാണല്ലോ നബിയെ നമ്മില്‍ ഒരുവനാക്കുന്നത്‌. ഈ ഗാഡമായ വൈകാരിക ബന്ധം നമ്മെ കൂടുതല്‍ നന്നാക്കും. മനുഷ്യത്വത്തോട്‌ നമുക്ക്‌ അളവ ആദരവുണ്ടാകുകയും ചെയ്യും.

ചെറുപ്പത്തില്‍ അനുഭവിച്ച കൊടിയ ദുഃഖങ്ങളും കഷ്ടപ്പാടുകളും സാധാരണ മനുഷ്യരില്‍ അസൂയയും പകയും വിദ്വേഷവും നിറക്കുന്നു. പലരും മനുഷ്യദ്രോഹികളായി മാറുന്നു. ബുദ്ധിമാന്‍മാരായ ചില സൂത്രശാലികള്‍ സാമൂഹ്യസിദ്ധാന്തങ്ങള്‍ ചമക്കുകയും അത്‌ പകവീട്ടും പോലെ നടപ്പാക്കി ആശ്വസിക്കുകയും ചെയ്യുന്നു. ഇത്തരം അശുദ്ധതലങ്ങളില്‍ നിന്ന്‌ വളം വലിച്ചു വളരുന്ന സിദ്ധാന്തങ്ങള്‍ക്ക്‌ കാരുണ്യത്തിന്റെയും മാനുഷികമൂല്യങ്ങളുടെയും നിറവും മണവുമുണ്ടാകില്ല. സിദ്ധാന്തങ്ങള്‍ വാചാലമാകുന്ന ഇടങ്ങള്‍ മാത്രം നോക്കിയാല്‍ പോരാ, അവയുടെ മൗനങ്ങള്‍ എവിടെയെല്ലാം എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌. മൗനത്തിന്റെ ഇരുട്ടുമുറികളില്‍ വന്യജന്തുക്കള്‍ വളരുന്നുണ്ടോ എന്ന്‌ പരിശോധിച്ചേ പറ്റൂ.

അത്യഗാധമായ ദുഃഖങ്ങള്‍ കാരുണ്യത്തിന്റെ അനന്തമായ ഉറവകളായി മാറുമോ? ഈ വിസ്മയമാണ്‌ മുഹമ്മദ്‌ നബിയുടെ ജീവിതത്തില്‍ നാം കാണുന്നത്‌. കാരുണ്യത്തിന്റെ രണ്ട്‌ പ്രവാചകന്‍മാര്‍ക്ക്‌ അനാഥത്വം വിധിച്ചതില്‍ വല്ല രഹസ്യവുമുണ്ടോ? അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബിയും തൊട്ടുമുമ്പ്‌ വന്ന യേശുവും..... യേശുവിന്‌ പിതാവേ ഇല്ല എന്നാണ്‌ വിവിരം അറിയിച്ചത്‌. യേശു ആകാശത്തിലുള്ള പിതാവേ എന്നു വിളിച്ചു. അനാഥമായി ഭൂമിയില്‍ കണ്ണുതുറന്ന മുഹമ്മദിന്ന്‌ പിതാവിനെ വിളിക്കാന്‍ ഒരിക്കലും കഴിഞ്ഞില്ല. മുഹമ്മദ്‌ .. യാ റബ്ബല്‍ ആലമീന്‍ .. സര്‍വലോക രക്ഷിതാവേ എന്നു വിളിച്ചു.


ഒരിക്കല്‍ ഉമ്മ ആമിന ആറു വയസ്സുള്ള മകനേയും ഒരു വേലക്കാരിയേയും കൂട്ടി ഭര്‍ത്താവ്‌ അബ്ദുല്ലയുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ മദീനയിലേക്ക്‌ പോയി. മടക്കത്തില്‍ ആമിനയ്ക്ക്‌ കഠിനമായ പനി ബാധിച്ചു. ഇരുപത്തിരണ്ട്‌ വയസ്സ്‌ മാത്രമുള്ള ആ യുവതി അനന്തമായ മരുഭൂമിയുടെ മാറില്‍ കിടന്നു കൊച്ചുമകന്റെ കണ്ണല്‍ നോക്കിക്കൊണ്ട്‌ അന്ത്യശ്വാസം വലിച്ചു. ആ കുട്ടിയുടെ ഹൃദയം പൊട്ടുന്ന കരച്ചില്‍ മണല്‍ക്കുന്നും വടക്കന്‍ കാ​‍റ്റും മാത്രം കേട്ടു ഉമ്മയുടെ ശരീരം ആ കുഞ്ഞും വേലക്കാരിയും കൂടി പൊള്ളുന്ന മണലില്‍ കണ്ണുനീരില്‍ മറവുചെയ്തു. അപ്പോള്‍ അനാഥത്വത്തിന്‍മേല്‍ ഒരനാഥത്വം കൂടി ഏ​റ്റു വാങ്ങുകയായാ​‍ിരുന്നു. ദുഃഖിക്കാനൊന്നുമില്ലാത്ത അത്രയും വിജയിച്ചുകഴിഞ്ഞ അറുപതാം വയസ്സിലും പ്രവാചകന്‍ ഈ ഖബറിങ്കല്‍ ഇരുന്നു ഏറെ നേരം കറഞ്ഞു പിന്നെയുള്ള രക്ഷിതാവയ പിതാമഹനും രണ്ട്‌ കൊല്ലം കഴിഞ്ഞപ്പോള്‍ ഇഹലോകം വെടിഞ്ഞു. മൂന്നാമതും അനാഥത്വം ഈ വേദനകളിലൂടെ മുഹമ്മദ്‌ മനുഷ്യനെ എല്ലാ ആഴത്തിലും തൊട്ടറിഞ്ഞു. ഇവിടെ വെളിച്ചം ദുഃഖമല്ല. ദുഃഖം വെളിച്ചമായി മാറുന്നു. അനന്തമായ നീലാകാശത്തിനു താഴെ കണ്ണെത്താത്ത മരുഭൂമിയില്‍ ഒരു തണലുമില്ലാതെ ചൂടും വെളിച്ചവും തട്ടി പൂര്‍ണ്ണ സ്വതന്ത്രനായി മുഹമ്മദ്‌ വളര്‍ന്നു. ദുരാചാരങ്ങളില്‍ നിന്നകലെ കുലദൈവങ്ങളില്‍ നിന്നകലെ മുഹമ്മദ്‌ ജീവിച്ചു. മാനവികതയുടെ വെളിച്ചത്തില്‍ തന്റെ അസ്തിത്വം കണ്ടെത്താനും പൂര്‍ണ്ണതയെ എത്തിപ്പിടിക്കാനുമുള്ള കണിശമായ പരിശ്രമമായിരുന്നു ആ ജീവിതംം. സ്വാര്‍ഥതയും വഞ്ചനയും കാപട്യവും ഇല്ലാത്ത ഒരു മനുഷ്യന്‍. മനുഷ്യത്വത്തിന്റെ ആ മായാത്ത മന്ദസ്മിതം മരുഭൂമിയിലെ പനിനീര്‍ പൂപോലെ മനോഹരമായ ഒരു വിസ്മയമായിരുന്നു. മക്കയിലെ നിവാസികള്‍ മുഹമ്മദിനെ അല്‍അമീന്‍ വിശ്വസ്തനായ മനുഷ്യന്‍ എന്നു വിളിച്ചു. സാധിക്കുമെങ്കില്‍ ഒരു പ്രവാചകനാകാന്‍ തയ്യാറാണ്‌ എല്ലാവരും എല്ലാ അര്‍ഥത്തിലും വിശ്വസ്തനായ ഒരു മനുഷ്യനാകാന്‍ തയ്യാറില്ല ആരും. മനുഷ്യന്‍ സ്വയം വഞ്ചനയില്‍ വീണിരിക്കുന്നു. ..മൂക്കാകാശത്തും മൂട്‌ വെള്ളത്തിലു..മെന്ന അറബി മൊഴി ഈ ലോകത്തിന്റെ ചിത്രം കാണിക്കുന്നു.


ഖദീജയുടെ ഭക്ഷണപ്പൊതിയുമായി പര്‍വതത്തിലേക്ക്‌ പോയ മുഹമ്മദ്‌ കണ്ണില്‍ പുതിയൊരു പ്രഭാതത്തിന്റെ പ്രകാശവും ചുണ്ടില്‍ അല്ലാഹുവിന്റെ ശബ്ദവുമായി പ്രവാചകനായി പര്‍വതത്തില്‍ നിന്നിറങ്ങി വന്നു. അതോടെ ഹൃദയത്തില്‍ മുമ്പെ വളര്‍ത്തിയെടുത്ത മാനവികവീക്ഷണവും മൂല്യബോധവും കൂടുതല്‍ കരുത്താര്‍ജിക്കുകയും വിശ്വമോചനത്തിന്റെ സന്ദേശമായി വികസിക്കുകയും ചെയ്തു. മരുഭൂമിയുടെ മര്‍മ്മങ്ങളില്‍ പ്രവാചകന്‍ കാലൂന്നി നടന്നപ്പോള്‍ ഭൂമിക്ക്‌ കോളിളക്കവും കോരിത്തരിപ്പും അനുഭവപ്പെട്ടു. പ്രവാചകന്‍ തന്റെ ത്യാഗങ്ങള്‍ക്ക്‌ ആരോടും വില ചോദിച്ചില്ല. ഒരവകാശവാദവും ഉന്നയിച്ചില്ല. .. ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യനാണ്‌. എനിക്ക്‌ ദിവ്യബോധനം നല്‍കപ്പെടുന്നു. .. ബോധനം നല്‍കപ്പെടുന്നു എന്നതിനാല്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നല്ലാതെ ആ ബലത്തില്‍ മനുഷ്യന്റെ തലയില്‍ കയറി ഇരുന്നില്ല. കൃത്യവും ശക്തവുമായ വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മനുഷ്യഹൃദയങ്ങളിലേക്ക്‌ കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, സമത്വത്തിന്റെ, നീതിയുടെ സന്ദേശം പകര്‍ന്നുകൊടുത്തു.


നബി ജനങ്ങള്‍ക്ക്‌ കാണിച്ചുകൊടുത്ത അല്ലാഹു കരുണാമയനാണ്‌, കാരുണ്യമാണ്‌ അല്ലാഹുവില്‍ മികച്ചുനില്‍ക്കുന്ന ഗുണമെന്നും നബി പറയുന്നു. ..കാരുണ്യത്തെ അല്ലാഹു നൂറായിപ്പകുത്തു. തൊണ്ണൂ​‍ൊമ്പത്‌ ഓഹരിയും അല്ലാഹു തനിക്കായെടുത്തു. ഒരോഹരി ഭൂമിയിലിറക്കി. ആ ഒരോഹരികൊണ്ട്‌ സൃഷ്ടികളായ സൃഷ്ടികളെല്ലാം കാരുണ്യം കാണിക്കുന്നു. എത്രത്തോളമെന്നാല്‍ ഒരു മൃഗം അതിന്റെ കുഞ്ഞിന്റെ ദേഹത്ത്‌ കുളമ്പ്‌ തട്ടുമെന്ന്‌ കണ്ടാല്‍ അത്‌ പൊക്കിപ്പിടിച്ചുകൊണ്ടേ നില്‍ക്കുന്നു. .. ഒരോഹരി കൊണ്ട്‌ ഇത്രയും കാരുണ്യം സൃഷ്ടികള്‍ കാണിക്കുന്നുവെങ്കില്‍ തൊണ്ണൂ​‍ൊമ്പതും സ്വന്തമാക്കിയ അല്ലാഹുവിന്റെ കാരുണ്യത്തിന്‌ അതിരുകളില്ല. അല്ലാഹുവിന്‌ മനുഷ്യരോടുള്ള കരുണയെപ്പി നബി പറയുന്നു .. ഓരോ ദിനത്തിലും സൂര്യനുദിക്കുമ്പോള്‍ ആകാശം അല്ലാഹുവിനോട്‌ പറയുന്നു നാഥാ സമ്മതം തരൂ ഞാന്‍ മനുഷ്യന്റെ മേല്‍ പൊളിഞ്ഞുവീഴാം. അവന്‍ നിന്റെ അനുഗ്രഹങ്ങള്‍ തിന്നുകയും നന്ദികേട്‌ കാണിക്കുകയും ചെയ്യുന്നു. ഭൂമി പറയുന്നു സമ്മതം തരൂ, ഞാന്‍ മനുഷ്യനെ വിഴുങ്ങിക്കളയാം. അവന്‍ നിന്റെ അനുഗ്രഹങ്ങള്‍ തിന്നുകയും നന്ദികേട്‌ കാണിക്കുകയും ചെയ്യുന്നു. പര്‍വതങ്ങള്‍ പറയുന്നു നാഥാ, സമ്മതം തരൂ, ഞാന്‍ മനുഷ്യന്റെ മേല്‍ അമര്‍ന്നുകൊള്ളാം. അവന്‍ നിന്റെ അനുഗ്രഹങ്ങള്‍ തിന്നുകയും നന്ദികേട്‌ കാണിക്കുകയും ചെയ്യുന്നു. എല്ലാവരോടുമായി അല്ലാഹു പറയുന്നു നിങ്ങളാണവനെ സൃഷ്ടിച്ചതെങ്കില്‍ നിങ്ങളവനോട്‌ കരുണ കാണിച്ചേന. എന്നെയും എന്റെ ദാസന്‍മാരെയും നിങ്ങള്‍ വെറുതെ വിടൂ. ..


കാരുണ്യം അതിന്റെ പച്ചക്കൊടി കാണിക്കാതെ ആരാധനകളെപ്പോലും മുമ്പോട്ടുനീങ്ങാന്‍ നബി അനുവദിച്ചില്ല. നബിക്കു ഏറെ ആനന്ദം പകര്‍ന്നിരുന്ന നമസ്കാരം, പിന്നില്‍നിന്ന്‌ ഒരു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ അവസാനിപ്പിച്ചിരുന്നു. ഒരു നോമ്പുകാലത്തെ യായ്‌രില്‍ സഹയാത്രികര്‍ക്ക്‌ വിഷമമുണ്ടെന്ന്‌ മനസ്സിലായ പ്രവാചകന്‍ വെള്ളപ്പാത്രം ഉയര്‍ത്തിക്കാണിക്കുകയും അതില്‍നിന്ന്‌ വെള്ളം കുടിക്കുകയും ചെയ്തു. എന്നിട്ടും ചിലര്‍ നോമ്പ്‌ മുറിച്ചില്ലെന്നറിഞ്ഞപ്പോള്‍ നബി പറഞ്ഞു അവര്‍ കുവാളികളാകുന്നു. .. കാരണം അവര്‍ ആരാധന പീഠനമാക്കി മാറ്റ‍ി. നബി അനുയായികളെ തന്നോടുതന്നെ കാരുണ്യം കാണിക്കുവാന്‍ പഠിപ്പിക്കുകയായിരുന്നു. കാരുണ്യം ആരാധനക്ക്‌ വഴി മാറുമ്പോള്‍ ആരാധന ആത്മപീഡനമായി മാറും. ഒരാള്‍ക്ക്‌ തന്നോട്തന്നെ കാരുണ്യമില്ലെങ്കില്‍ മനുഷ്യര്‍ക്ക്‌ കാരുണ്യം ആവശ്യമാണെന്ന്‌ അയാള്‍ക്ക്‌ മനസ്സിലാവില്ല. മനുഷ്യരോടും ജീവികളോടും കാരുണ്യം കാണിക്കുന്നതിന്റെ മഹത്വം വാക്കിന്റെയും പ്രവൃത്തിയുടെയും എല്ലാ ശക്തിയും കൊണ്ട്‌ പ്രവാചകന്‍ ഹൃദയങ്ങളില്‍ ഉറപ്പിച്ചു. നബി പറഞ്ഞ അനേകം കാരുണ്യത്തിന്റെ കൊച്ചുകൊച്ചു കഥകള്‍ പ്രസിദ്ധങ്ങളാണല്ലോ. ..ഭൂമിയിലുള്ളവരോട്‌ കരുണ കാണിക്കൂ, ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും. .. അല്ലാഹു കനിവുള്ളവനാകുന്നു. എല്ലാ കാര്യത്തിലും കനിവിനെ അവന്‍ ഇഷ്ടപ്പെടുന്നു. .. ഈ വാക്കുകളുടെ അര്‍ഥം പ്രവാചകന്റെ ജീവിതചലനങ്ങളിലൂടെ ജനങ്ങള്‍ കണ്ടുപഠിച്ചതാണ്‌. (തുടരും..)

No comments:

Post a Comment