ചീത്ത സ്വഭാവങ്ങളില്‍നിന്നും ദുഷ്ചെയ്തികളില്‍നിന്നും മനുഷ്യനെ അകറ്റി നിര്‍ത്തുന്ന ശക്തിയാണ് വിശ്വാസം. അത് സദ്ഗുണങ്ങളും ഉന്നത ധാര്‍മിക നിലവാരവും കൈവരിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. സ്വന്തം അടിമകളെ സദ്‌വൃത്തിയിലേക്ക് ക്ഷണിക്കുകയും തിന്മയെ വെറുക്കാന്‍ അവരോടാവശ്യപ്പെടുകയും ചെയ്യുമ്പോള്‍ അല്ലാഹു വിശ്വാസം അവരുടെ ഹൃദയങ്ങളില്‍ ശക്തമായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. സുറത്തുത്തൗബ്ബയില്‍ സദ്‌വൃത്തരാവാനും സത്യം പറയുവാനും മനുഷ്യനോടാവശ്യപ്പെടുമ്പോള്‍ അല്ലാഹു അവരെ വിശ്വസിച്ചവരെ എന്നാണ് അഭിസംബോധന ചെയ്യുന്നത്. “വിശ്വസിച്ചവരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. സത്യസന്ധന്‍മാരുടെ കൂടെ ജീവിക്കുക. (9:119)
വിശ്വാസം അടിയുറച്ചതാവുമ്പോള്‍ ശക്തവും അടിയുറച്ചതുമായ ധര്‍മബോധം മനുഷ്യനുണ്ടാവുമെന്നും വിശ്വാസം ദുര്ബലമാവുുമ്പോള് ധര്‍മ്മബോധവും ദുര്‍ബലമാവുമെന്നും പ്രവാചകന്‍ വിശദീകരിച്ചിട്ടുണ്ട്. മര്യാദകെട്ടവനും അഹംഭാവിയും പരിഗണിക്കാതെ ചീത്ത സ്വഭാവങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന ഒരുവന്‍ വിശ്വാസം നഷ്ടപ്പെട്ടവനായും. പ്രവാചകന്‍ പറഞ്ഞു: “വിനയവും വിശ്വാസവും ഇരട്ടകളാണ്. ഒന്നുപേക്ഷിക്കുന്നവന്‍ മറ്റേതും ഉപേക്ഷിക്കുന്നു.“ ഒരിക്കല്‍ ഒരു അന്‍സാരി സ്വന്തം സഹോദരനെ വിനയക്കുറവിന് ശാസിക്കുന്നതായി പ്രവാചകന്‍ കണ്ടു. അപ്പോള്‍ അദ്ദേഹം വിശ്വാസത്തിെന്റ ഭാഗമാണ് വിനയമെന്ന് അയാളെ ഓര്‍മിപ്പിച്ചു. സ്വന്തം അയല്‍ക്കാരനെ പീഡിപ്പിക്കുകയും അവന്നു നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കുകയും ചെയ്യുന്നവന്‍ ക്രൂരനും ശിലാഹൃദയനുമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. “ദൈവത്താണെ! അങ്ങനെയുള്ളവന്‍ മുസ്ലിമല്ല,“ ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു. “എങ്ങിനെയുള്ളവന്‍?“ സഹാബിമാര്‍ ആരാഞ്ഞു. “ഏതൊരുവെന്റ അക്രമങ്ങളില്‍നിന്നാണോ അയല്‍ക്കാരന് രക്ഷയില്ലാത്തത് അവന്“ പ്രവാചകന്‍ വിശദീകരിച്ചു!(ബുഖാരി). ചപലമായ സംഭാഷണങ്ങളില്‍നിന്നും ചീത്തവൃത്തികളില്‍നിന്നും അര്‍ത്ഥശൂന്യമായ കര്‍മ്മങ്ങളില്‍നിന്നും അകന്നു നില്‍ക്കാന്‍ തിരുമേനി (സ) ആഹ്വാനം ചെയ്യുന്നു.
“അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവന്‍ നല്ല കാര്യങ്ങള്‍ സംസാരിക്കുക. അല്ലെങ്കില്‍ മൗനം പാലിക്കുക.“ (ബുഖാരി)
ഇങ്ങിനെ വിശ്വാസവും സദ്‌വൃത്തിയും പരസ്പരം ഇണക്കിയെടുക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. അവ സദ് ഫലങ്ങളുളവാക്കുംവിധം മനുഷ്യനില്‍ ശക്തമായിരിക്കണമെന്ന് ഇസ്ലാം കരുതുന്നു.
എന്നാല്‍ മുസ്ലിംകള്‍ എന്ന് സ്വയം വിളിക്കുകയും അതേയവസരം നിര്‍ബന്ധ പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുന്നതില്‍ അശ്രദ്ധരായിരിക്കുകയും ചെയ്യുന്നവരുണ്ട്. പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുന്നതില്‍ വളരെ താത്പര്യമുള്ളവരാണ് എന്നവര്‍ നടിക്കും. എന്നാല്‍ ശക്തമായ വിശ്വാസത്തിനും സ്വഭാവ പരിശുദ്ധിക്കുമെതിരായുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് അവര്‍ക്ക് മടി കാണില്ല. അത്തരമാളുകളെപ്പറ്റി പ്രവാചകന്‍ താക്കീത് നല്‍കുന്നു. മുസ്ലിം സമുദായം അവരെ സൂക്ഷിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.
ആരാധനകളുടെ ആന്തരിക ചൈതന്യത്തെക്കുറിച്ചറിയാതെ ആരാധന നടത്തുന്നവര്‍ യഥാര്‍ത്ഥ ആരാധന നിര്‍വഹിക്കുന്നില്ല. അതാവശ്യപ്പെടുന്ന ഉന്നത വിതാനത്തിലേക്കവന്‍ ഉയരുന്നുമില്ല. നമസ്കാരത്തിലെ ചടങ്ങുകള്‍ ഒരു കുഞ്ഞിന് പോലും അനുവര്‍ത്തിക്കുവാന്‍ കഴിയും. ഒരു അഭിനേതാവിന്ന് യഥാര്‍ത്ഥ ഭക്തനേക്കാള്‍ നന്നായി ചിലപ്പോള്‍ നമസ്കരിക്കാന്‍ കഴിഞ്ഞെന്നുംവരും. പക്ഷെ അതൊന്നും വിശ്വാസപ്രകടനമോ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുന്നതോ അല്ല. പ്രാര്‍ത്ഥനകള്‍ ഏറ്റവും നന്നായി നിര്‍വഹിക്കാനും മറ്റു ആരാധനാ മുറകള്‍ ലക്ഷ്യം നിറവേറ്റുംവിധം പൂര്‍ത്തിയാക്കാനും ഏറ്റവുമാവശ്യം ധാര്‍മിക വൈശിഷ്ട്യമാണ്. അതുള്ളവെന്റ ആരാധന പൂര്‍ണമാവുന്നു. അതില്ലാത്തവെന്റ ആരാധനയോ അപൂര്‍ണവും.
ഒരിക്കല്‍ പ്രവാചകനോട് ഒരാള്‍ ചോദിച്ചു: “ദൈവദൂതരേ! ഒരു സ്ത്രീ നമസ്കാരത്തിനും വ്രതത്തിനും ദാനധര്‍മ്മത്തിനും പേരുകേട്ടവളാണ്. പക്ഷെ അവര്‍ സ്വന്തം അയല്‍ക്കാരോട് പരുഷമായി പെരുമാറുന്നു. അവരുടെ വിധിയെന്തായിരിക്കും“. “അവര്‍ നരകത്തിലായിരിക്കും:“ പ്രവാചകന്‍ അരുളി. മറ്റൊരു സ്ത്രീ നമസ്കാരത്തിനും വ്രതത്തിനും അത്ര കേളി കേട്ടവളല്ല. പക്ഷെ അവള്‍ പാല്‍ക്കട്ടി ദാനമായി നല്‍കുകയും ചെയ്യുന്നു. അവളുടെ ഗതിയോ? “അവള്‍ സ്വര്‍ഗത്തിലായിരിക്കും“ പ്രവാചകന്‍ വീണ്ടുമരുളി.
സല്‍സ്വഭാവത്തിന് ഇസ്ലാം നല്‍കുന്ന പ്രാധാന്യമാണ് ഈ മറുപടി സൂചിപ്പിക്കുന്നത്. സമൂഹത്തില്‍ നന്മയുളവാക്കുന്ന ഒരു കൂട്ട പ്രാര്‍ത്ഥനയാണ് ദാനമെന്നും അത് അര്‍ത്ഥമാക്കുന്നു. അതിനാല്‍ ദാനധര്‍മ്മങ്ങള്‍ കറക്കുന്നതിന് ഇസ്ലാം അനുവാദം നല്‍കുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ വ്യക്തിപരമായ അനുഷ്ഠാനങ്ങളായ നമസ്കാരത്തിനും വ്രതത്തിനും ചില ഇളവുകള്‍ ഇസ്ലാം അനുവദിക്കുന്നുണ്ടുതാനും.
മതവും ധര്‍മ്മബോധവും തമ്മിലള്ള ബന്ധം ആനുഷംഗികമായി സൂചിപ്പിക്കുകയല്ല പ്രവാചകന്‍ മേലുദ്ധരിച്ച മറുപടിയിലൂടെ ചെയ്യുന്നത്. ആരാധനയുടെ യഥാര്‍ത്ഥരൂപവും ഐഹിക ലോകത്തിെന്റ അഭിവൃദ്ധിയും പരലോകമോക്ഷവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവേന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തെന്റ അനുയായികളില്‍ സ്വഭാവശുദ്ധിയും സദാചാരവും വളര്‍ത്തിയെടുക്കുവാന്‍ പ്രവാചകന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുടെ ഹൃദയങ്ങളില്‍ അവയെപ്പറ്റിയുള്ള ചിന്ത രൂഢമൂലമാകുവാന്‍ അദ്ദേഹം നിഷ്കര്‍ഷ കാണിച്ചു. വിശ്വാസവും സദാചാരവും നന്മയും പരസ്പരം ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ആര്‍ക്കും അവയെ വേറെയായി കാണാന്‍ പറ്റുകയില്ല.
ഒരിക്കല്‍ നബിതിരുമേനി സഹാബികളോട് ചോദിച്ചു: “ആരാണ് ദരിദ്രരെന്ന് നിങ്ങള്‍ക്കറിയാമോ?“ ഒരു ദിര്‍ഹംപോലും കയ്യിലില്ലാത്തവന്‍? സഹാബിമാര്‍ മറുപടി പറഞ്ഞു. “അല്ല“ പ്രവാചകനരുളി. “അന്ത്യദിനത്തില്‍ അല്ലാഹുവിെന്റ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നവനുണ്ട് - അവനാണ് ദരിദ്രന്‍. അവന്‍ നമസ്കരിച്ചു. സക്കാത്ത് കൊടുത്തു. നോമ്പനുഷ്ഠിച്ചു. പക്ഷെ അവന്‍ ആളുകളെ ദുഷിച്ചു. ആളുകളെപ്പറ്റി ആരോപണങ്ങള്‍ ഉന്നയിച്ചു. അന്യെന്റ സ്വത്ത് കവര്‍ന്നു. അന്യനെ കൊലപ്പെടുത്തി, അന്യരെ ആക്രമിച്ചു. അത്തരമൊരുത്തെന്റ സദ്ഗുണങ്ങള്‍ അവെന്റ അക്രമണത്തിന് ഇരയായവര്‍ക്ക് ലഭിക്കും. അവെന്റ സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങള്‍ക്ക് മുമ്പ് ഇങ്ങിനെ ഓഹരിവെച്ചു തീര്‍ന്നുപോയാല്‍ മറ്റുള്ളവരുടെ ദുഷ്കര്‍മ്മങ്ങള്‍ കൂടി അവന്ന് ലഭിക്കും. അവന്‍ നരകത്തിലെറിയപ്പെടുകയും ചെയ്യും.“ (മുസ്ലിം)
അങ്ങനെയുള്ളവന്‍ യഥാര്‍ത്ഥ ദരിദ്രനാണ്. ആയിരമുറുപ്പികക്ക് ആസ്തിയും രണ്ടായിരം ഉറുപ്പികക്ക് ബാധ്യതയുമുള്ള ഒരു കച്ചവടക്കാരനെപ്പോലെ ദരിദ്രന്‍. ഒരു ഭക്തനായ മനുഷ്യന്‍ ചില ആരാധനാ കര്‍മങ്ങള്‍ കൃത്യമായും ഭംഗിയായും അനുഷ്ഠിക്കുകയും എന്നാല്‍ മററവസരങ്ങളില്‍ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുകയും അന്യരോട് ചീത്തയായി പെരുമാറുകയും ദരിദ്രരെയും അഗതികളെയും ആട്ടിപ്പായിക്കുകയും ചെയ്താല്‍ അയാളെ എങ്ങനെ സദ്‌വൃത്തനെന്ന് വിളിക്കാന്‍ കഴിയും?
പ്രവാചകന്‍ സല്‍സ്വഭാവമെന്തെന്ന് വിശദീകരിക്കാന്‍ മനോഹരമായ ഒരുപമ ഉപയോഗിച്ചിട്ടുണ്ട്.
“സല്‍സ്വഭാവം ശുദ്ധജലം പോലെയാണ്. അത് അഴുക്കിനെ നീക്കിക്കളയുന്നു. ദുസ്സ്വഭാവം സുര്‍ക്കയാണ്. അത് തേനിനെ ദുഷിപ്പിക്കുന്നു.“
ഒരാളുടെ ദുഷ്ടത ശക്തിപെടുകയും അത് നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കുകയും ചെയ്യുമ്പോള്‍ അയാള്‍ സ്വന്തം മതത്തെ ഉപേക്ഷിക്കുന്നു. അപ്പോള്‍ സദ്‌വൃത്തിയെക്കുറിച്ചം വിശ്വാസത്തെക്കുറിച്ചുമുള്ള അയാളുടെ വാക്കുകള്‍ അര്‍ത്ഥശൂന്യമാവുന്നു. നല്ല ധര്‍മ്മബോധമില്ലാത്ത മതബോധം എന്നാല്‍ എന്താണ്? അല്ലാഹുവിന് വഴങ്ങുകയും അതേയവസരം - ദുഷ്കൃത്യങ്ങള്‍ക്ക് മുതിരുകയും ചെയ്യാന്‍ ഒരാള്‍ക്ക് സാധ്യമാണോ?
വിശ്വാസവും സദ്‌വൃത്തിയും തമ്മിലുള്ള ബന്ധം ഒരു പ്രവാചകവചനം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.
“ഒരാള്‍ നമസ്കരിക്കുകയും നോമ്പു നോല്‍ക്കുകയും ഉംറ നിര്‍വഹിക്കുകയും മുസ്ലിമെന്ന് സ്വയം വിളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അയാള്‍ക്കീ ശീലങ്ങളുണ്ടെങ്കില്‍ അയാള്‍ കപടവിശ്വാസിയാണ്: അസത്യം പറയുക. വാഗ്ദത്തം പൂര്‍ത്തിയാക്കാതിരിക്കുക, വിശ്വസിച്ചേല്‍പ്പിച്ചവനെ ചതിക്കുക. (മുസ്ലിം)
മറ്റൊരു ഹദീസ് ഇങ്ങനെയാണ്: “കപടവിശ്വാസിക്ക് മൂന്നു ലക്ഷണങ്ങളുണ്ട്. അയാള്‍ സംസാരിക്കുമ്പോള്‍ കളവു പറയുന്നു; വാഗ്ദത്തം ലംഘിക്കുന്നു; കരാറിലേര്‍പ്പെട്ടാല്‍ ചതിക്കുന്നു. അയാള്‍ നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും മുസ്ലിമെന്ന് സ്വയം വിളിക്കുകയും ചെയ്യുന്നുവേങ്കിലും ശരി“. (മുസ്ലിം)
ബുഖാരിയില്‍ വന്ന മറ്റൊരു പ്രവാചകവചനം കൂടി ഉദ്ധരിക്കാം.
നാലു ശീലങ്ങളുണ്ട്. അവയാറില്‍ കാണുന്നുവോ അവന്‍ കപടവിശ്വാസിയാണ്. വിശ്വസിച്ചേല്‍പ്പിച്ചവനെ ചതിക്കുക; കളവു പറയുക; കരാര്‍ ലംഘിക്കുക, കലഹിക്കുമ്പോള്‍ നിന്ദിക്കുക.