പതുക്കെ പതുക്കെ വടിയും കുത്തിപ്പിടിച്ച് നടന്നുപോകുന്ന ഒരു മുത്തശ്ശിയെ കണ്ടാല്‍ ചില കുട്ടികള്‍ കല്ലെറിയും. ചിലരത് കണ്ട് ചിരിച്ച് പ്രോത്സാഹിപ്പിക്കും. ഈ എറിയുന്നവരും കണ്ട് ചിരിക്കുന്നവരും ഒരേ തരക്കാരാണ്. താണ സ്വഭാവികള്‍. പുറമെ സുന്ദരന്‍മാരും സുന്ദരികളും തന്നെ. പക്ഷേ, അകം സുന്ദരമല്ല; വിരൂപമാണ്.
ആ ഏറും ചിരിയും കാണുമ്പോള്‍ ചിലര്‍ക്ക് ദുഃഖമാണ്. മുത്തശ്ശിയോടവര്‍ക്ക് കനിവും സ്നേഹവും തോന്നുന്നു. ഇവരുടെ ഉള്ളില്‍ സൗന്ദര്യമുണ്ട്.
ചിലര്‍ അങ്ങനെ.
ചിലര്‍ ഇങ്ങനെ.
എന്തുകൊണ്ട് ചിലര്‍ അങ്ങനെയും ചിലര്‍ ഇങ്ങനെയുമായി?
ആസ്വാദനത്തിന്റെ വ്യത്യാസം കൊണ്ട് തന്നെ. ചിലര്‍ക്ക് സൗന്ദര്യാസ്വാദന ശേഷിയുണ്ട്. ചിലര്‍ക്കതില്ല. തെറ്റ‍് വൈരൂപ്യവും ശരി സൗന്ദര്യവുമാണ്. സൗന്ദര്യാസ്വാദന ശേഷിയുള്ളവര്‍ അത് തിരിച്ചറിയുന്നു. മുത്തശ്ശശിയെ കല്ലെറിയുന്നവര്‍ ഒരു പൂങ്കാവനത്തില്‍ പോയാല്‍ അവര്‍ക്കൊരു രസവുമുണ്ടാവില്ല. പൂക്കളെ പിച്ചിച്ചീന്താനും ചെടികള്‍ പിടിച്ച് പറിക്കാനും അനുവദിച്ചാല്‍ അവര്‍ക്ക് നല്ല രസം കിട്ടുകയും ചെയ്യും.
ആസ്വാദനം കൊണ്ട് ആളുകളെ അളക്കാം.
ബുദ്ധി എല്ലാവര്‍ക്കുമുണ്ട്. മുത്തശ്ശിയെ കല്ലെറിയുന്നവര്‍ക്ക് ഒരുപക്ഷേ ഏറെയുണ്ടാവാം. ബുദ്ധിക്കല്ല ഇവിടെ പ്രാധാന്യം. ബുദ്ധിയിലേറെ ആസ്വാദനശേഷിയാണ് വ്യക്തിയെയും സമൂഹത്തെയും നന്നാക്കുന്നതും വളര്‍ത്തുന്നതും.
വസ്തുക്കള്‍ക്ക് മാത്രമല്ല സൗന്ദര്യമുള്ളത്. ആശയങ്ങളിലും സൗന്ദര്യവും വൈരുധ്യവുമുണ്ട്. മനുഷ്യസ്വഭാവങ്ങളിലും പ്രവര്‍ത്തികളിലുമുണ്ട് സൗന്ദര്യവും വൈരൂപ്യവും.
സൗന്ദര്യാസ്വാദനം ആദ്യം തുടങ്ങുക വസ്തുക്കളില്‍നിന്നാണ്. അതിലൂടെ ആശയങ്ങളിലേക്ക് വളരണം. പിന്നെ സ്വഭാവങ്ങളിലേക്കും പ്രവൃത്തികളിലേക്കും ഉയരണം. പനിനീര്‍ പൂവിന്റെയും പുഞ്ചിരിയുടെയും സൗന്ദര്യമറിയുന്നവര്‍ കൊഞ്ഞനം കുത്തുന്നതിന്റെ വൈരൂപ്യം അറിയാതിരിക്കില്ല. ആ വൈരൂപ്യം അറിയുന്നവരേ അതില്‍ തെറ്റ‍് കാണുകയുള്ളൂ. കൂട്ടുകാര്‍ക്ക് മനസ്സിലായോ? ഒന്ന് നല്ലോണം ചിന്തിച്ചുനോക്കൂ. വിജയത്തിലേക്കും മഹത്വത്തിലേക്കുമുള്ള വഴി ഇതിലൂടെ.
No comments:
Post a Comment