സദാചാരബോധത്തിനും സ്വഭാവമേന്മക്കും ഏറെ ഭീഷണിയുയര്‍ത്തുന്നതാണ് ലൗകിക സുഖഭോഗങ്ങളോടുള്ള തൃഷ്ണ, കനകവും കാമിനിയും സമ്പത്തും പ്രതാപവും അധികാരവും സര്‍വ്വ പാപങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നു. അവ സ്വന്തമാക്കാനുള്ള കിടമത്സരങ്ങള്‍ മനുഷ്യനെ എന്തും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. സഹോദരന്‍ സഹോദരനെ വില്‍ക്കുന്നു; പുത്രന്‍ പിതാവിനെ കൊല്ലുന്നു; കരാറുകളും വാഗ്ദാനങ്ങളും ലംഘിക്കുന്നു; അവകാശങ്ങള്‍ നിഷേധിക്കുകയും ബാധ്യതകള്‍ മറക്കുകയും ചെയ്യുന്നു. മത്സ്യങ്ങളെപ്പോലെ ശക്തന്‍ അശക്തനെ വേട്ടയാടുന്നു; വ്യാപാരി വഞ്ചിക്കുന്നു; ന്യായാധിപന്‍ അഴിമതി കാട്ടുന്നു; പത്രങ്ങള്‍ സത്യം മറച്ചുവെച്ച് അസത്യം പ്രചരിപ്പിക്കുന്നു. പുരോഹിതന്മാര് മതത്തെ വില്‍ക്കുന്നു; രാഷ്ട്രീയക്കാര്‍ ദേശത്തെ ഒറ്റിക്കൊടുക്കുന്നു - എല്ലാം ലൗകികനേട്ടങ്ങള്‍ക്കുവേണ്ടി.
ലൗകിക സുഖങ്ങളോടുളള പ്രേമവും കൊതിയും മനുഷ്യ സഹജമാണ്. എന്നത് ശരിതന്നെ. അതിെന്റ അഭാവത്തില്‍ ജീവിതം നിശ്ചേതനവും നിഷ്ക്രിയവുമാകും. പക്ഷെ, അപകടമിരിക്കുന്നത് മനുഷ്യന്‍ അതില്‍മാത്രം മുഴുകിപ്പോകുന്നതിലാണ്. ജീവിതത്തിെന്റ പരമപ്രധാനമായ ഉദ്ദേശ്യവും കര്‍മ്മങ്ങളുടെ മുഖ്യ ലക്ഷ്യവും അതുമാത്രമാകുന്നതിലാണ്. ദൈവസന്നിധി പൂകുന്നതും വിചാരണയും സംബന്ധിച്ച് അശേഷം ബോധമില്ലാത്തവരാണവര്‍. ബോധമുണ്ടെങ്കില്‍ത്തന്നെ ജീവിത വ്യവഹാരങ്ങളില്‍പെട്ട് അത് വിസ്‌രമിക്കുന്നവരാണ് വേറൊരു കൂട്ടര്‍. അതുകൊണ്ടാണ് തിരുദൂതര്‍ ഈ പ്രാര്‍ത്ഥന നമ്മെ പഠിപ്പിച്ചതു: “അല്ലാഹുവേ! ലൗകിക ജീവിതത്തെ എെന്‍റ പരമോദ്ദേശ്യവും കര്‍മ്മങ്ങളുടെ മുഖ്യ ലക്ഷ്യവുമാക്കരുതേ.!“
ലൗകികതയോടൊപ്പം മറ്റൊന്നിനെക്കൂടി മനുഷ്യന്‍ സ്നേഹിക്കേണ്ടിയിരിക്കുന്നു-പാരത്രിക ലോകത്തെ, അവനില്‍ ദൈവപ്രീതിയും പ്രതിഫലവും സംബന്ധിച്ച പ്രത്യാശ വേണം. ദൈവത്തിെന്റ വിചാരണയിലും ശിക്ഷയിലും ഭയവും. ഈ പ്രത്യാശയും ഭയവും ലൗകിക പ്രേമത്തിെന്റ വിപത്ത് തടുക്കുന്ന പരിചയമായി വര്‍ത്തിക്കുന്നു. ലൗകിക സുഖങ്ങള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ ധൂര്‍ത്തും ദുര്‍വ്യയവുമാകുന്ന അപകടങ്ങളില്‍നിന്ന് അവന്ന് സംരക്ഷണം നല്‍കുന്ന സുരക്ഷാ വാല്വ്!? ഈ ബോധം ജനഹൃദയങ്ങളില്‍ സജീവമായി നിലനിര്‍ത്തുകയാണ് ഈമാെന്റ ദൗത്യം! ഇതുകൊണ്ടാണ് ദൈവഭക്തരെയും സുജനങ്ങളെയും ഖുര്‍ആന്‍ അവ്വിധം ആവര്‍ത്തിച്ച് വര്‍ണിക്കുന്നതും. അതു പറയുന്നു: “അവര്‍ പാരത്രികളോകത്തില്‍ ദൃഢമായി വിശ്വസിക്കുന്നവരാണ്“. മറുവശത്ത് പാപികളെയും അക്രമികളെയുംപറ്റി പറയുന്നത്, “നിശ്ചയമായും അവര്‍ ഒരു വിചാരണ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ അടച്ചു നിഷേധിക്കുകയും ചെയ്തു.“ (അന്നബത്ത്: 27,28) എന്നത്രെ. സ്വര്‍ഗം പൂകിയ വിശ്വാസികള്‍ നരകത്തിലെ അവിശ്വാസികളുമായി സംഭാഷണത്തിലേര്‍പ്പെടുന്ന ഒരു രംഗം വര്‍ണിക്കുന്നുണ്ട്. ഖുര്‍ആന്‍: “വിശ്വാസികള്‍ ചോദിച്ചു; നിങ്ങളെ നരകത്തിലെത്തിച്ചതെന്താണ് അവര്‍ മറുപടി നല്‍കി: “ഞങ്ങള്‍ നമസ്കരിക്കുന്നവരിലുള്‍പ്പെട്ടിരുന്നില്ല; ഞങ്ങള്‍ അഗതികള്‍ക്ക് അന്നം നല്‍കുന്നവരുമായിരുന്നില്ല. സത്യത്തിനെതിരായി വാദം ചമയ്ക്കുന്നവരോടൊപ്പം ചേര്‍ന്ന് ഞങ്ങളും വാദങ്ങള്‍ ചമയ്ക്കാറുണ്ടായിരുന്നു. പ്രതിഫലനാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു.“ (മുദ്ദസീര്‍:42-46). ഫറോവയുടെയും പരിവാരങ്ങളുടെയും കാര്യത്തില്‍ ഖുര്‍ആന്‍ പറയുന്നു: “അവനും അവെന്റ പടയും ഭൂമിയില്‍ അന്യായമായി അഹന്ത നടിച്ചു. തങ്ങള്‍ക്ക് ഒരിക്കലും നമ്മിലേക്ക് മടങ്ങേണ്ടതില്ല എന്ന് അവര്‍ കരുതി.“ (അല്‍ഖസ്വസ്:39) (1അല്‍ബഖറ:3, അന്നമ്ല്:3, ലുഖ്മാന്‍:4).
അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവര്‍ക്കേ ലൗകികതയുടെ പ്രലോഭനങ്ങളെ അതിജയിക്കാനാവൂ“. അവര്‍ക്കേ അലിയ്യൂബ്നു അബൂത്വാലിബ് പറഞ്ഞതുപോലെ പറയാനാവൂ: “സ്വര്‍ണ്ണമേ, വെള്ളിയേ! ദൂരെപ്പോകൂ. മറ്റുവല്ലവരെയും വഞ്ചിക്കാന്‍ നോക്കൂ. എന്നോടാണോ പോര്? അതോ എന്നോട് അനുരാഗമോ? നിന്നെ ഞാന്‍ മൊഴി മൂന്നും ചൊല്ലി പിരിച്ചിരിക്കുന്നു. തിരിച്ചെടുക്കാത്ത മൊഴി.“ (അഹ്മദ്, ഇബ്നുഹീബ്ബാന്‍). ഒരിക്കല്‍ തിരുദൂതരുടെ മുതുകില്‍ പായക്കണ്ണിയുടെ അടയാളം കണ്ട് ഉമര്‍ ചോദിച്ചു: തിരുദൂതരേ, ഇതിനേക്കാള്‍ മൃദുവായ ഒരു വിരിപ്പ് ഉപയോഗിക്കാമായിരുന്നില്ലേ താങ്കള്‍ക്ക്? അദ്ദേഹം പ്രതിവചിച്ചു: “എനിക്കെന്ത് ലൗകികസുഖം“ ഞാന്‍ ഈ ലോകത്ത് ഗ്രീഷ്മത്തിലെ സഞ്ചാരിയെപ്പോലെയാണ്. സഞ്ചാരി തെല്ല്നേരം തണലില്‍ വിശ്രമിക്കുന്നു. പിന്നെ യാത്രയാവുന്നു.“ ഇങ്ങനെ പറയാന്‍ പാരത്രികളോകത്തില്‍ ഉറച്ചു വിശ്വസിക്കുന്നവര്‍ക്കല്ലാതെ കഴിയുമോ? ലൗകികതക്കതീതമായ ഒരു ലക്ഷ്യം കാണിച്ചുകൊടുക്കാനും ഉല്‍കൃഷ്ടവും സനാതനവുമായ മൂല്യങ്ങളുമായി അവനെ ബന്ധിച്ചു നിര്‍ത്താനും ഈ വിശ്വാസത്തിന്നല്ലാതെ സാധ്യമാണോ?
വിശ്വാസി ഭൗതികവിഭവങ്ങള്‍ അധീനമാക്കും. പക്ഷെ, അവ വിശ്വാസിയെ അധീനപ്പെടുത്തില്ല. വിഭവങ്ങള്‍ അയാളുടെ കൈകളില്‍ നിറയാം. പക്ഷെ, ഹൃദയത്തില്‍ നിറയില്ല. കാരണം, അയാള്‍ ഇവിടെ ഒരു യാത്രാമനഃസ്ഥിതിയോടെയാണ് ജീവിക്കുന്നത്. ഒരു പരദേശിയെപ്പോലെ, സഞ്ചാരിയെപ്പോലെ. സ്വര്ണ്ണത്തിെന്റയും വെള്ളിയുടെയും കൂമ്പാരങ്ങള്‍ സ്വന്താമായാലും ഈ മനഃസ്ഥിതിക്കാര്‍ക്ക് അതേപ്പറ്റി ആശങ്കയുണ്ടാവില്ല. പരലോക വാശികളുടെ ഹൃദയമാണയാള്‍ക്ക്. പാദങ്ങളാല്‍ ഭൂമിയില്‍ നടക്കുമ്പോഴും മനസ്സ് ആകാശവുമായി ബന്ധിച്ചിരിക്കും. ലൗകിക വിഭവങ്ങള്‍ക്ക് ദൈവസമക്ഷം കൊതുകുചിറകിെന്‍റ വിലപോലുമില്ലെന്നയാള്‍ക്കറിയാം. അല്ലാഹുവിന് വേണ്ടിയുള്ള ഭക്തിസാന്ദ്രമായ ഒരു നമസ്കാരം. അല്ലെങ്കില്‍ ദൈവമാര്‍ഗത്തിലുള്ള ഒരു യാത്ര. ഇഹലോകത്തെയും അതിലുള്ള വിഭവങ്ങളെയും അപേക്ഷിച്ച് ഉത്തമമാണെന്നയാള്‍ക്കറിയാം. സ്വര്‍ഗത്തില്‍ ഒരു പാദം വെക്കാന്‍ ഇടം കിട്ടുന്നത് സര്‍വ്വലൗകികവിഭവങ്ങളിലും വിലപ്പെട്ടതാണെന്നയാള്‍ക്കറിയാം. ദൈവദൂതന്മാരും ദൈവമിത്രങ്ങളും മര്‍ദ്ദിതരും പീഡിതരുമായിരുന്നു എന്നത് അയാള്‍ക്ക് ആവേശമരുളുന്നു. ദൈവത്തിെന്റയും ദൈവദൂതന്മാരുടെയും ശത്രുക്കളായിരുന്ന അവിശ്വാസികളും നിഷേധികളും നാസ്തികരും ആയ ഏറെപ്പേരും ലൗകീക സുഖങ്ങളിലും ആഢംബരങ്ങളിലുമല്ല ജീവിച്ചതു എന്ന വസ്തുതയും അയാള്‍ക്ക് പാഠമാകുന്നു. “സകല ജനവും ഒരേപോലെ ആയിത്തീരുമായിരുന്നില്ലേകില്‍, ദയാപരനായ ദൈവത്തെ നിഷേധിക്കുന്നവരുടെ വീടിെന്റ മേല്‍പുരകളും അവര്‍ക്ക് മാളികകളിലേക്ക് കയറാനുള്ള കോവണികളും അവര്‍ ചാരികിടക്കുന്ന മഞ്ചങ്ങളുമെല്ലാം നാം വെള്ളിയുടെയും സ്വര്ണ്ണത്തിെന്റയും ആക്കുമായിരുന്ന. ഇതൊക്കെയും കേവലം ഐഹികജീവിതത്തിലെ വിഭവങ്ങളാകുന്നു. പരലോകം നിെന്റ നാഥങ്കല്‍ ഭക്തജനങ്ങള്‍ക്കു മാത്രമുള്ളതത്രെ.“ (അസ്സുഖ്‌റുഫ്: 33-35).
ഇപ്പറഞ്ഞതിെന്റ അര്‍ത്ഥം വിശ്വാസി കയ്യുംകെട്ടിയിരിക്കണമെന്നല്ല; ജീവിതസുഖങ്ങള്‍ തീരേ വര്‍ജിക്കണമെന്നല്ല; അവയൊക്കെയും അവിശ്വാസികളുടെയും ധിക്കാരികളുടെയും അധീനത്തില്‍ വിട്ടുകൊടുക്കണമെന്നുമല്ല. മറിച്ച്, വിശ്വാസി ലോകത്തെ പുഷ്ടിപ്പെടുത്താന്‍, അഭിവൃദ്ധിപ്പെടുത്താന്‍, പുരോഗതിയിലേക്കു നയിക്കാന്‍ ആജ്ഞാപിക്കപ്പെട്ടവനാണ്. ഭൂമിയുടെ മുക്കുമൂലകളില്‍ നടന്നു ചെന്ന് ദൈവമൊരുക്കിവെച്ച വിഭവങ്ങള്‍ തേടിപ്പിടിക്കാന്‍ കല്‍പിക്കപ്പെട്ടവന്‍. സ്വന്തം വിശ്വാസപ്രമാണത്തിെന്റയും ദൗത്യത്തിെന്റയും സേവനത്തിന്നായി പ്രകൃതിവിഭവങ്ങളധീനപ്പെടുത്താന്‍ ബാധ്യസ്ഥനായവന്‍. പ്രകൃതിയുടെ ദാസനല്ല, യജമാനന്‍ ആകേണ്ടവന്‍.
ലൗകികസുഖങ്ങള്‍ നിയന്ത്രിക്കുകയും അതിെന്റ പ്രലോഭനങ്ങള്‍ അതിജീവിക്കുകയും ചെയ്യുക എന്നാല്‍ അതിലെ നല്ലതൊക്കെ നിഷിദ്ധമാക്കലോ പ്രയോജനകരമായവ പാഴാക്കലോ അതിെന്റ പ്രയാണത്തെ തടസപ്പെടുത്തലോ അല്ല. മറിച്ച്, വിശ്വാസിയുടെ അന്തിമലക്ഷ്യവും പരമമായ ഉദ്ദേശ്യവും പാരത്രികജീവിതം ആയിരിക്കണം എന്ന് മാത്രമാണ്. “ധിക്കാരം പ്രവര്‍ത്തിക്കുകയും ഐഹിക ജീവിതത്തിന്ന് മുന്‍ഗണന നല്‍കുകയും ചെയ്തവര്‍“ എന്നും “നമ്മുടെ സ്മരണയില്‍നിന്ന് പൈന്തിരിയുകയും ഐഹികജീവിതത്തില്‍ കവിഞ്ഞൊന്നും കാംക്ഷിക്കാതിരിക്കുകയും ചെയ്യുന്നവരെ അവരുടെ പാട്ടിന്ന് വിട്ടേക്കുക. അതാണ് അവരുടെ ജ്ഞാനത്തിെന്റ ആകത്തുക“ എന്നും ഖുര്‍ആന്‍ വിവരിച്ചവരുടെ ഗണത്തില്‍ വിശ്വാസി ഉള്‍പ്പെടരുത്. മറിച്ച്, പാരത്രികളോകത്തെ പരമലക്ഷ്യമായിക്കണ്ട് അതിനുവേണ്ടി പ്രവര്‍ത്തിക്കണം. ഐഹികജീവിതത്തെ ലക്ഷ്യമല്ലാതെ മാര്‍ഗമായും സ്ഥിരം താവളമല്ലാതെ താല്‍ക്കാലിക സങ്കേതമായും മാത്രം പരിഗണിക്കുകയും വേണം.
പരലോക വിശ്വാസം സുദൃഢമല്ലാത്തവര്‍ക്ക് ലൗകികതയുടെ പ്രചോദനത്തില്‍നിന്ന് മോചനമില്ല. കാരണം, സംഭവ്യതയില്‍ സംശയമുള്ള അനുഭൂതികള്‍ക്ക് പകരം ഉറപ്പായും സജ്ജീകരിക്കപ്പെട്ട ആനന്ദങ്ങള്‍ ത്യജിക്കാന്‍ അവര്‍ തയ്യാറാവുകയില്ല: ഉമര്ഖയ്യാമിെന്റ ആത്മാവിഷ്കാരത്തില്‍ അത്ഭുതമില്ലാത്തത് അതുകൊണ്ടാണ്. അദ്ദേഹം പാടി: മദ്യപിക്കരുതെന്നും അത് നരകശിക്ഷ ഭവിപ്പിക്കുമെന്നും അവര്‍ പറയുന്നു. പക്ഷെ, മദ്യപിച്ചാല്‍ ഒരു നിമിഷം ഞാനനുഭവിക്കുന്ന ആനന്ദം എെന്‍റ ദൃഷ്ടിയില്‍ സ്വര്‍ഗാരാമങ്ങളിലെ ആനന്ദത്തിന് സമമാണ്. എവിടെ നല്ലവരായ കുടികൂട്ടുകാര്‍ എവിടെ പ്രഭാതപാനീയം? എെന്‍റ വ്രണിതഹൃദയത്തെ ദുഃഖം കടിച്ചുകീറുന്നു; മൂന്നെണ്ണം മരണത്തേക്കാള്‍ എനിക്ക് പ്രിയങ്കരമാണ്. മദ്യവും സംഗീതവും സുന്ദരിയും. ദൃഢവിശ്വാസത്തെ സന്ദേഹം അതിജയിച്ചതാണിവിടെ. പാരത്രിക ലോകത്തില്‍ യഥാര്‍ത്ഥമായും ഉമര്‍ഖയ്യാമിന്ന് ദൃഢവിശ്വാസം ഉണ്ടായിരുന്നെങ്കില്‍ മദ്യവും സംഗീതവും സുന്ദരിയും അദ്ദേഹത്തിന്ന് നിസ്സാരമായി തോന്നുമായിരുന്നു. അല്ല, ദൈവപ്രീതിക്കും പ്രതിഫലനത്തിന്നും മുമ്പില്‍ ഐഹികജീവിതത്തിലെ സര്‍വ്വസ്വവും നിസ്സാരമായേനെ.
No comments:
Post a Comment