ധര്‍മസമരം 2- ശ്രീകൃഷ്ണനും ഗീതയും



ഇസ്ലാമി​‍െന്‍റ സാങ്കേതിക ഭാഷയില്‍ “നബി“ എന്നും “റസൂല്‍“ എന്നും വിളിക്കുന്ന മതാചാര്യനെ ഹൈന്ദവശാസ്ത്രങ്ങള്‍ അവതാരപുരുഷന്‍ എന്നു വര്‍ണിക്കുന്നു. ഭാരതീയ പാരമ്പര്യത്തില്‍ അനേകം അവതാരപുരുഷന്‍മാര്‍ ആവിര്‍ഭൂതരായിട്ടുണ്ട്‌. അക്കൂട്ടത്തില്‍ ഒമ്പതാമത്തെ അവതാര പുരുഷനാണ്‌ വാസുദേവപുത്രനായ ശ്രീകൃഷ്ണന്‍. കൃഷ്ണ​‍െന്‍റ സംജ്ഞാനാമം “കണ്ണന്‍“ എന്നായിരുന്നു. നിറം കറുപ്പായതുകൊണ്ടാണ്‌ കൃഷ്ണന്‌ ആ നാമം സിദ്ധിച്ചത്‌. ഇസ്ലാംമത പ്രവാചകന്‍ പ്രസ്താവിച്ചതായി ഹദീസു ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌. “ഇന്ത്യയില്‍ കറുത്തൊരു നബിയുണ്ടായിരുന്നു. “കാഹനാ“ എന്നായിരുന്നു അദ്ദേഹത്തി​‍െന്‍റ പേര്‍.“
കണ്ണന്‍ എന്ന ഭാരതീയ ശബ്ദത്തി​‍െന്‍റ അറബിരൂപമാണ്‌ കാഹന. നിരൂപണശാസ്ത്രനിയമപ്രകാരം ഈ ഹദീസ്‌ ദുര്‍ബലമാണെങ്കിലും, ചരിത്രപരമായി അതി​‍െന്‍റ ആശയം ശരിയാവാം. കംസന്‍ എന്ന ഒരധര്‍മ മൂര്‍ത്തിയെ ഹനിക്കേണ്ടതിന്നാണ്‌ ശ്രീകൃഷ്ണന്‍അവതരിച്ചതെന്നത്രേ ഐതിഹ്യം. ആ കൃത്യം അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു. “ഭഗവത്ഗീത“ എന്ന സുപ്രസിദ്ധ ഹൈന്ദവകൃതി, വേദവ്യാസനെന്ന അപരാഭിധാനത്താല്‍ വിശ്രുതനായ ബാദരായണകൃഷ്ണന്‍ രചിച്ച “മഹാഭാരതം“ എന്ന മഹേതിഹാസത്തിലെ ഒരു ഭാഗമാണ്‌. കുരുക്ഷേത്ര യുദ്ധവേളയില്‍ സ്വശിഷ്യനായ അര്‍ജുനനെ ധര്‍മസമരത്തിന്നു പ്രേരിപ്പിച്ചുകൊണ്ട്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉപദേശിച്ച ആധ്യാത്മിക തത്വങ്ങളാണ്‌ ഗീതയുടെ ഉള്ളടക്കം.
പാണ്ഡുവി​‍െന്‍റ പുത്രന്മ​‍ാരും കുരുവി​‍െന്‍റ പുത്രന്‍മാരും കുരുക്ഷേത്രത്തില്‍ യുദ്ധത്തിന്നായി ഇരുഭാഗത്തും അണിനിരന്നു. പാണ്ഡവ പക്ഷത്തായിരുന്നു ശ്രീകൃഷ്ണന്‍. കാരണം, അവര്‍ മര്‍ദ്ദിതരും കൗരവന്‍മാര്‍ മര്‍ദകരുമായിരുന്നു. കൗരവന്മ​‍ാരില്‍ ഒരാളായ ദുര്യോധന്‍ പാണ്ഡവന്‍മാരെ കഠിനമായി ദ്രോഹിച്ചിരുന്നു. അരക്കില്ലത്തിലിട്ടു കൊല്ലുവാന്‍പോലും അയാള്‍ ശ്രമിക്കുകയുണ്ടായി. തന്നിമിത്തം പാണ്ഡവന്‍മാര്‍ സ്വദേശം വെടിഞ്ഞ്‌ വനവാസം ചെയ്യേണ്ടിവന്നു. ശ്രീകൃഷ്ണന്‍ ഇരുവിഭാഗക്കാരെയും സന്ധിയാക്കുവാന്‍ പരമാവധി പാടുപെട്ടെങ്കിലും ദുര്യോധനാദികള്‍ വഴങ്ങിയില്ല. അവസാനം യുദ്ധം നടത്തേണ്ടി വന്നു.
സൈന്യം ഇരു ഭാഗത്തും അണിനിരന്നു. പഞ്ചപാണ്ഡവന്‍മാരില്‍ മധ്യമനായ അര്‍ജുന​‍െന്‍റ തേര്‌ തെളിച്ചുകൊണ്ടുവന്നത്‌ ശ്രീകൃഷ്ണനാണ്‌. അര്‍ജുനന്‍ ആകമാനമൊന്ന്‌ വീക്ഷിച്ചു. ഇരുപക്ഷത്തും അണിനിരന്നിരിക്കുന്നത്‌ ബന്ധുക്കളാണ്‌. അതുകണ്ടപ്പോള്‍ അദ്ദേഹത്തെ ഒരു വൈക്ലബ്യം ബാധിച്ചു. അവയവങ്ങള്‍ തളര്‍ന്നു; വായ വരണ്ടു; തനു വിറച്ചു; രോമാഞ്ചകഞ്ചുകനായി; ഗാന്ധീവചാപം (വില്ല്‌) കരത്തില്‍നിന്നും വഴുതിവീണു; ആകെ എരിപിരികൊണ്ടു. അദ്ദേഹം ശ്രീകൃഷ്ണനോട്‌ പറഞ്ഞു: “ഭഗവാന്‍, ആരുടെ സുഖാനുഭൂതിക്കുവേണ്ടി നാം രാജ്യത്തെയും സുഖഭോഗത്തെയും കാംക്ഷിക്കണമോ, ആ ഗുരുഭൂതന്‍മാര്‍, പിതാക്കന്‍മാര്‍, സ്യാലന്‍മാര്‍, ചങ്ങാതിമാര്‍ മുതലായ ബന്ധുമിത്രാദികള്‍ ജീവനെയും പണത്തെയും പരിത്യജിച്ച്‌ യുദ്ധത്തിനിതാ വന്നു നില്‍ക്കുന്നു. അല്ലയോ മധുസുദനാ, ഇവര്‍ ഞങ്ങളെ കൊല്ലുന്നവരാണെങ്കിലും , ത്രൈലോകത്തി​‍െന്‍റ ആധിപത്യത്തിനുവേണ്ടിപോലും ഇവരെ ഞാന്‍ വധിക്കുകയില്ല. ഭൂമിയുടെ ആധിപത്യത്തിന്ന്‌ വേണ്ടി ഞാനതു ചെയ്യില്ലെന്നു പറയാനുണ്ടോ?“
പാണ്ഡവ സൈന്യത്തിലെ ഹീറോയായ അര്‍ജുനന്‍ ദുര്‍ബലനാവുകയെന്നാല്‍ അവര്‍ യുദ്ധത്തില്‍ ദയനീയമായി പരാജയപ്പെടുകയെന്നാണര്‍ത്ഥം. ശ്രീകൃഷ്ണന്‍ അര്‍ജുനനെ സന്ദര്‍ഭത്തി​‍െന്‍റ ഗൗരവം ധരിപ്പിച്ചു. എന്നിട്ടും അദ്ദേഹത്തി​‍െന്‍റ പാരവശ്യം നീങ്ങിയില്ല. അപ്പോള്‍ ധര്‍മസമരത്തി​‍െന്‍റ അനിവാര്യത തെര്യപ്പെടുത്തുവാന്‍ ഗീതാതത്വങ്ങള്‍ ഉപദേശിച്ചു. ഉപനിഷത്തുകളിലെ തത്വസിദ്ധാന്തങ്ങളുടെ സാരസര്‍വസ്വമത്രെ ഗീതയുടെ ഉള്ളടക്കം. അര്‍ജുന​‍െന്‍റ വൈക്ലബ്യം നീങ്ങി. അദ്ദേഹം യുദ്ധത്തില്‍ സജീവമായി പൊരുതുകയും പാണ്ഡവന്‍മാര്‍ വിജയം പ്രാപിക്കുകയും ചെയ്തു.
നമുക്കിനി ശ്രീകൃഷ്ണന്‍ ഉപദേശിച്ച തത്വസിദ്ധാന്തങ്ങളില്‍ ചിലതു കാണാം. ധര്‍മസംബന്ധമായി ഗീത പറുന്നു:
“കുതസ്ത്വാ കശ്മലമിദം
വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വര്‍ഗ്യ
മകീര്‍ത്തീകരമര്‍ജുന!“ (അ.2, ശ്ലോ.2)
(ആര്യന്മ​‍ാര്‍ക്കഹിതവും സ്വര്‍ഗത്തിന്നയോഗ്യവം അകീര്‍ത്തികരവും പാപവുമായ ഈ വൈക്ലബ്യം അല്ലയോ അര്‍ജുനാ, നിനക്കീ വിഷമസന്ധിയിലെങ്ങനെ സംഭവിച്ചു?)
“സ്വധര്‍മമപി ചാവേക്ഷ്യ
നവികമ്പിതുമര്‍ഹസി
ധര്‍മ്യാദ്ധി യുദ്ധാല്‍ ശ്രേയോന്യത്‌
ക്ഷത്രിയസസ്യ ന വിദ്യതേ.“ (2:81)
(സ്വധര്‍മം നോക്കിയാലും, മുന്‍ നിശ്ചയത്തില്‍നിന്ന്‌ വ്യതിചലിക്കുവാന്‍ നീ അര്‍ഹനല്ല. ക്ഷത്രിയന്‌ ധര്‍മസമരത്തെക്കാള്‍ ശ്രേയസ്കരമായി വേറെയൊന്നില്ല.)
“യദൃശ്ചയാ ചോപപന്നം
സ്വര്‍ഗദ്വാരമപാവൃതം സുഖിനഃക്ഷത്രിയാ: പാര്‍ത്ഥ!
ലഭന്തേ യുദ്ധമീദൃശം“(2:33)
(ഹേ പാര്‍ഥ, ദൈവേച്ഛയാല്‍ വന്നുചേര്‍ന്നതും തുറക്കപ്പെട്ട സ്വര്‍ഗവാതിലുമായ ഈദൃക ധര്‍മസമരം സുഖവാന്മ​‍ാരായ ക്ഷത്രിയന്മ​‍ാര്‍ക്ക്‌ മാത്രം ലഭിക്കുന്നതാണ്‌.)
“അഥേചേത്ത്വമിമം ധര്‍മ്യം
ഗംഗ്രാമം ന കരിഷ്യസി
തത: സ്വധര്‍മം കീര്‍ത്തിംച
ഘിത്വാ പാപമവാപ്സ്യാസി.“ (2:33)
(ഈ ധര്‍മസമരത്തില്‍ നീ ഇടപെടുകയില്ലെങ്കില്‍ സ്വധര്‍മവും കീര്‍ത്തിയും കൈവെടിഞ്ഞ്‌ പാപം പ്രാപിക്കുന്നതാണ്‌.)
“ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗം
ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൗന്തേയ!
യുദ്ധായ കൃതനിശ്ചയം“(2:37)
(നീ വധിക്കപ്പെട്ടുവെന്നിരിക്കട്ടെ, സ്വര്‍ഗത്തിലെത്താം. ജീവിക്കുകയാണെങ്കില്‍ ഭൂമിയുടെ ആധിപത്യവും) അനുഭവിക്കാം. അതുകൊണ്ട്‌, അല്ലയോ കുന്തിപുത്രാ, വേഗം നിശ്ചയിച്ചുറച്ചു യുദ്ധത്തിന്നെഴുന്നേല്‍ക്കുക)
ധര്‍മയുദ്ധത്തില്‍ മരിച്ചാലും ജീവിച്ചാലും വിജയമാണെന്ന ഗീതാതത്വം വ്യംഗ്യന്തരേണ ഖുര്‍ആനും ആവിഷ്കരിച്ചിട്ടുണ്ട്‌. പ്രവാചകനോട്‌ ഖുര്‍ആന്‍ പറയുന്നു: (ശത്രുക്കളോട്‌) ചോദിക്കൂ: “രണ്ടിലൊരു നേട്ടമല്ലാതെ ഞങ്ങള്‍ക്ക്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ“ (9:52). ജീവിച്ചാല്‍ വിജയവും മരിച്ചാല്‍ സ്വര്‍ഗവും ലഭിക്കുകയെന്നതു തന്നെയാണ്‌ ഖുര്‍ആ​‍െന്‍റ വിവക്ഷിതവും. ഗീത അത്‌ കുറെക്കൂടി സ്പഷ്ടമായി പ്രതിപാദിച്ചുവെന്നു മാത്രം. ആകയാല്‍ ധര്‍മസമരത്തില്‍ വിജയമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല. ധര്‍മസമരത്തെ ഇസ്ലാമെന്നപോലെ ഹിന്ദുമതവും അനുശാസിക്കുന്നു.

No comments:

Post a Comment