നീതിക്കു വേണ്ടി നിലകൊണ്ടവര്‍"ഒരിക്കല്‍ യാത്രചെയ്ത്‌ തൃപ്തികരമായി തോന്നിയാല്‍ വില തരാം, ഇല്ലെങ്കില്‍ കുതിരയെ മടക്കിത്തരും." അങ്ങനെയായിരുന്നു വ്യാപാര വ്യവസ്ഥ. ഖലീഫ ഉമറുല്‍ ഫാറൂഖ്‌ ആണ്‌ കുതിരയെ വാങ്ങിയത്‌. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം സവാരി ചെയ്യവേ, കുതിരയുടെ കാല്‍ കല്ലില്‍ തട്ടി ചതവുപറ്റി. ഉടനെ ഉമറൂല്‍ ഫാറൂഖ്‌ അതിനെ ഉടമസ്ഥനു തിരിച്ചുകൊടുത്തു. പക്ഷെ, കുതിരക്കാരന്‍ സമ്മതിച്ചില്ല. അയാള്‍ ശഠിച്ചു: "എ​‍െന്‍റ കുതിരയെ ഞാന്‍ തന്നപോലെ തിരിച്ചുതരണം. അല്ലെങ്കില്‍ അതി​‍െന്‍റ വില തരണം." മൂന്നാമതൊരാള്‍ മാധ്യസ്ഥനായി പ്രശ്നം പരിഹരിക്കാമെന്ന്‌ ഇരുവരും സമ്മതിച്ചു. അതിനായി അവര്‍ കണ്ടെത്തിയത്‌ ശുറൈഹുബ്നു ഹാരിസ്‌ ആയിരുന്നു. രണ്ടുപേരുടെയും വാദങ്ങള്‍ ശ്രദ്ധാപൂര്‍വം ശ്രവിച്ചശേഷം അദ്ദേഹം പറഞ്ഞു. "കുതിരയെ വാങ്ങിയവിധം തിരിച്ചുനല്‍കണം. അല്ലെങ്കില്‍ അതി​‍െന്‍റ വില കൊടുക്കണം."

വിധികേട്ട്‌ കുതിരക്കാരനെക്കാള്‍ സന്തോഷിച്ചത്‌ ഉമറുല്‍ ഫാറൂഖ്‌ ആണ്‌. സാധാരണക്കാരനും താനുമായുള്ള തര്‍ക്കത്തില്‍ മുഖം നോക്കാതെ നീതിവിധിച്ച ശുറൈഫിനോട്‌ അദ്ദേഹത്തിന്‌ അതിയായ ആദരവ്‌ തോന്നി. അദ്ദേഹത്തെ രാഷ്ട്രത്തി​‍െന്‍റ ഉന്നത നീതിപീഠത്തില്‍ നിയമിക്കുകയും ചെയ്തു. ഉത്കൃഷ്ടമായ നീതിയുടെ നിത്യനിദര്‍ശനമായി നിരവധി വര്‍ഷം അദ്ദേഹം ആ പദവി അലങ്കരിക്കുകയും ചെയ്തു.

ശുറൈഹൂബ്നു ഹാരിസി​‍െന്‍റ മകനും മറ്റു ചിലരുമായി സ്വത്തുസംബന്ധമായ തര്‍ക്കമുണ്ടായി. കേസി​‍െന്‍റ സ്വഭാവമെല്ലാം പിതാവിനെ ധരിപ്പിച്ച ശേഷം മകന്‍ ചോദിച്ചു' "ഈ പ്രശ്നത്തില്‍ കോടതിയെ സമീപിച്ചാല്‍ വിജയ സാധ്യതയുണ്ടോ? ഇല്ലെങ്കില്‍ വൃഥാവേലക്കു നില്‍ക്കേണ്ടതില്ലല്ലോ."
പ്രശ്നത്തി​‍െന്‍റ സ്വഭാവം നന്നായി മനസിലാക്കിയ ശുറൈഹ്‌ പറഞ്ഞു: "നീ കോടതിയെ സമീപിച്ചു നോക്കൂ!"

മകന്‍ കേസ്‌ കൊടുത്തു. ന്യായധിപനായ പിതാവ്‌ ഇരുവിഭാഗത്തി​‍െന്‍റയും വാദം കേട്ടു. വിധി പ്രസ്താവിച്ചപ്പോള്‍ അത്‌ പുത്രന്‌ പ്രതികൂലമായിരുന്നു. കോടതി പിരിഞ്ഞു വീട്ടിലെത്തിയപ്പോള്‍ മകന്‍ പരാതി പറഞ്ഞു: "അങ്ങ്‌ എന്നോട്‌ അനീതി ചെയ്തിരിക്കുന്നു. വിജയ സാധ്യതയുണ്ടെങ്കില്‍ മാത്രം കോടതിയെ സമീപിച്ചാല്‍ മതിയെന്ന്‌ തീരുമാനിച്ചാണ്‌ ഞാന്‍ ആദ്യമേ അഭിപ്രായം ആരാഞ്ഞത്‌. അങ്ങ്‌ കേസ്‌ കൊടുക്കാനാവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ എനിക്കെതിരെ നിങ്ങള്‍ തന്നെ വിധി പ്രസ്താവിച്ചിരിക്കുന്നു. അങ്ങനെ അങ്ങ്‌ എന്നെ അപമാനിച്ചിരിക്കുന്നു."

പിതാവ്‌ പ്രതിവചിച്ചു: "പ്രിയ മകനെ, ഭൂമിയില്‍ എനിക്കേറ്റം പ്രിയപ്പെട്ടവന്‍ നീ തന്നെ. പക്ഷെ, ഏറെ പ്രിയപ്പെട്ടവന്‍ പ്രപഞ്ചനാഥനായ അല്ലാഹുവാണ്‌. നീ എന്നോട്‌ പ്രശ്നങ്ങള്‍ വിവരിച്ച്‌ അഭിപ്രായം ആരാഞ്ഞപ്പോള്‍ തന്നെ വിധി നിനക്ക്‌ പ്രതികൂലമാകുമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. പക്ഷെ, ഇക്കാര്യം ഞാന്‍ നിന്നെ നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ നീ കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കും. അതോടെ അവര്‍ക്ക്‌ നഷ്ടം സംഭവിക്കും. ആരുടേയും അവകാശം അല്‍പവും ഹനിക്കപ്പെട്ടുകൂടായെന്ന്‌ നിര്‍ബന്ധമുള്ളതിനാലാണ്‌ കേസുകൊടുക്കാന്‍ ഞാന്‍ നിന്നെ ഉപദേശിച്ചത്‌. അനര്‍ഹമായതൊന്നും അനുഭവിക്കാനിടവന്നില്ലല്ലോ എന്നോര്‍ത്ത്‌ സന്തോഷിക്കുകയാണ്‌ നീ വേണ്ടത്‌."

പ്രവാചക പൗത്രന്‍ ഹസ്രത്ത്‌ ഹസ​‍െന്‍റ വീട്ടില്‍ ഏതാനും അതിഥികള്‍ വന്നു. വിരുന്നുകാരെ സല്‍ക്കരിക്കാന്‍ അവിടെ ഉണക്ക റൊട്ടി മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍, ഹസന്‍ ഭൃത്യനെ വിളിച്ചു പറഞ്ഞു: 'നമ്മുടെ അതിഥികള്‍ക്ക്‌ ആഹാരമൊരുക്കണം. എങ്ങനെയെങ്കിലും കറിയുണ്ടാക്കണം'

'ഞാന്‍ എന്തുചെയ്യും? ഇവിടെ ഒന്നുമില്ലല്ലോ. എന്നാല്‍ പൊതു ഖജനാവിലേക്ക്‌ യമനില്‍നിന്ന്‌ ധാരാളം തേന്‍ വന്നിട്ടുണ്ട്‌. അങ്ങ്‌ ആജ്ഞാപിച്ചാല്‍ ഞാന്‍ അതില്‍നിന്ന്‌ അല്‍പം കൊണ്ടുവരാം." ഭൃത്യന്‍ അറിയിച്ചു.

"അതു പൊതുസ്വത്തല്ലേ, അതില്‍നിന്ന്‌ എന്തെങ്കിലും എടുക്കാന്‍ പിതാവ്‌ അനുവദിക്കില്ലല്ലോ."
"അതു ശരിതന്നെ. എന്നാലും അതില്‍ അങ്ങയ്ക്കുമൊരു വിഹിതമുണ്ടാവുമല്ലോ. അങ്ങയുടെ ഓഹരി ലഭിച്ചാല്‍ എടുത്തത്‌ തിരിച്ചു നല്‍കാം. ഇപ്പോള്‍ അല്‍പം വായ്പയെടുക്കാം." ഭൃത്യന്‍ നിര്‍ദ്ദേശിച്ചു. ഹസന്‌ ആ നിര്‍ദ്ദേശം നന്നായി തോന്നി. അങ്ങനെ ഭൃത്യനെ തേന്‍ കൊണ്ടുവരാനയച്ചു. അയാള്‍ പാത്രം തുറന്ന്‌ ഒന്നില്‍നിന്ന്‌ അല്‍പം എടുത്ത്‌ ബാക്കിയുള്ളത്‌ ഭദ്രമായി മൂടിക്കെട്ടി.

ഖലീഫ അലിയ്യുബ്നു അബീത്വാലിബ്‌ തേന്‍പാത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒന്നില്‍ അല്‍പം കുറവു കണ്ടു. ഉടനെ അന്വേഷണമായി. വിവരമറിഞ്ഞ ഭൃത്യന്‍ പറഞു: "അങ്ങയുടെ മകന്‍ ഹസന്‍ അതിഥികളെ സല്‍ക്കരിക്കാന്‍ അല്‍പം തേന്‍ എടുക്കാന്‍ കല്‍പിച്ചിരുന്നു."

ഖലീഫ ആവശ്യപ്പെട്ടതനുസരിച്ച്‌, മകന്‍ ഹസനെ ഹാജരാക്കി. അദ്ദേഹം ഗൗരവസ്വരത്തില്‍ ചോദിച്ചു: "നീ എന്താണ്‌ ഇച്ചെയ്തത്‌? ഓഹരി വെക്കും മുമ്പ്‌ പാത്രത്തില്‍നിന്ന്‌ എന്തിന്‌ തേന്‍ എടുത്തു? ഖലീഫയുടെ മകനാണെന്ന്‌ കരുതി എന്തും ചെയ്യുകയോ?"

"അല്ല, അതില്‍ എനിക്കും ഒരവകാശമുണ്ടാവും; അതു ലഭിച്ചാല്‍ തിരിച്ചടക്കാമെന്നു കരുതി അല്‍പം വായ്പ എടുത്തതാണ്‌." ഹസന്‍ ത​‍െന്‍റ നിലപാട്‌ വിശദീകരിച്ചു.

"പക്ഷെ, മറ്റുള്ളവര്‍ക്ക്‌ വിഹിതം ലഭിക്കും മുമ്പ്‌ നി​‍െന്‍റ ഓഹരി എടുക്കാന്‍ നിനക്കെങ്ങനെ അവകാശം ലഭിച്ചു? നീ ചെയ്തത്‌ ഗുരുതരമായ തെറ്റുതന്നെ, തീര്‍ച്ച. മേലില്‍ ഇതാവര്‍ത്തിക്കരുത്‌." നാലാം ഖലീഫ കണിശമായി താക്കീത്‌ ചെയ്തു.


"വിശ്വാസികളുടെ നായകാ, ദിവ്യഗ്രന്ഥമനുസരിച്ച്‌ വിധി പ്രഖ്യാപിക്കണമെന്ന്‌ ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു." ഹിംസ്വിലെ ഒരു മുസ്ലിംപൗരന്‍, ഉമറൂബ്നു അബ്ദില്‍ അസീസിനോട്‌ ആവശ്യപ്പെട്ടു.

"അതെ, അതു തന്നെയാണല്ലോ നമ്മുടെ ചുമതല." ഖലീഫ പ്രതിവചിച്ചു. തുടര്‍ന്ന്‌ ചോദിച്ചു: "താങ്കളുടെ പ്രശ്നം എന്താണ്‌?"

"എ​‍െന്‍റ ഭൂമി അബ്ബാസൂബ്നു വലീദിബ്നി അബ്ദില്‍ മലിക്ക്‌ പിടിച്ചുവെച്ചിരിക്കുന്നു." പരാതിക്കാരന്‍ പറഞ്ഞു. അബ്ബാസ്‌ ഖലീഫയുടെ അടുത്തുതന്നെയുണ്ടായിരുന്നു.

"അബ്ബാസ്‌! താങ്കള്‍ എന്തു പറയുന്നു?" ഉമര്‍ രണ്ടാമന്‍ ചോദിച്ചു."എനിക്കത്‌ അമീറുല്‍ മുഅ​‍്മിനീന്‍ വലീദുബ്നു അബ്ദില്‍ മലിക്ക്‌ പതിച്ചു തന്നതാണ്‌. അതിന്‌ എ​‍െന്‍റ വശം രേഖയുണ്ട്‌." അബ്ബാസ്‌ ത​‍െന്‍റ ന്യായം ബോധിപ്പിച്ചു.

"എന്തു പറയുന്നു?" ഖലീഫ പരാതിക്കാരനോട്‌ അന്വേഷിച്ചു.
"അല്ലാഹുവി​‍െന്‍റ ഗ്രന്ഥമനുസരിച്ചുള്ള വിധിയാണ്‌ എനിക്ക്‌ വേണ്ടത്‌?"
"അതെ! അല്ലാഹുവി​‍െന്‍റ ഗ്രന്ഥമാണ്‌ വലീദി​‍െന്‍റ രേഖയെക്കാള്‍ സ്വീകാര്യം. അബ്ബാസ്‌! അദ്ദേഹത്തി​‍െന്‍റ സ്വത്ത്‌ മടക്കിക്കൊടുക്കുക." ഉമറുബ്നു അബ്ദില്‍ അസീസ്‌ ആജ്ഞാപിച്ചു. അബ്ബാസിന്‌ അതനുസരിക്കുകയല്ലാതെ നിര്‍വാഹമുണ്ടായിരുന്നില്ല.


വലീദുബ്നു അബ്ദില്‍ മലിക്കിന്‌ റൗഹ്‌ എന്ന പേരുള്ള ഒരു പുത്രനുണ്ടായിരുന്നു. പുരുഷപ്രകൃതന്‍. ക്രൂരസ്വഭാവിയും. ഒരിക്കള്‍ അയാള്‍ക്കെതിരെ പരാതിയുമായി ഏതാനും പേര്‍ ഉമറുബ്നു അബ്ദില്‍ അസീസിനെ സമീപിച്ചു. അവരുടെ ഉടമയിലുള്ള ചില പീടികകള്‍ പിതാവ്‌ അയാള്‍ക്ക്‌ അന്യായമായി രജിസ്റ്റര്‍ ചെയ്തുകൊടുത്തിരുന്നു. അതയാള്‍ ബലം പ്രയോഗിച്ച്‌ കൈയടക്കുകയും ചെയ്തു. ഇതായിരുന്നു അവരുടെ ആവലാതി. ആരോപണം സത്യമാണെന്ന്‌ ബോധ്യമായ ഖലീഫ, റൗഹിനോട്‌ കല്‍പിച്ചു: "അവരുടെ കടകള്‍ അവര്‍ക്കുതന്നെ തിരിച്ചേല്‍പ്പിക്കുക."
"എന്തിന്‌? എനിക്കവ വലീദില്‍നിന്ന്‌ രേഖാമൂലം ലഭിച്ചതാണല്ലോ." റൗഹ്‌ അവകാശവാദമുന്നയിച്ചു.
"വലീദി​‍െന്‍റ രേഖയ്ക്ക്‌ എന്തുവില? കടകള്‍ അവരുടേതാണ്‌. അതു തെളിയിക്കാനാവശ്യമായ രേഖകളും അവര്‍ ഹാജരാക്കിയിട്ടുണ്ട്‌. അതിനാല്‍, പീടിക മുറികള്‍ അവയുടെ അവകാശികള്‍ക്ക്‌ മടക്കിക്കൊടുക്കുക.'
അങ്ങനെ റൗഹ്‌ ആവലാതിക്കാരിലൊരാളോടൊത്ത്‌ സ്ഥലം വിട്ടു. വഴിയില്‍വെച്ച്‌ അയാള്‍ പരാതി പറഞ്ഞതി​‍െന്‍റ പേരില്‍ സഹയാത്രികനെ ഭീഷണിപ്പെടുത്തി. ഉടനെ അദ്ദേഹം വിവരം ഉമ്‌റുബ്നു അബ്ദില്‍ അസീസിനെ അറിയിച്ചു. ഇതറിഞ്ഞ ഖലീഫ പാറാവുകാരനെ വിളിച്ചു പറഞ്ഞു' 'ഓ കഅ​‍്ബ, റൗഹിനെ പിന്തുടരുക. അവര്‍ പീടിക മുറികള്‍ അവകാശികളെ തിരിച്ചേല്‍പ്പിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കുക. ഇല്ലെങ്കില്‍ അവ​‍െന്‍റ തലയുമായി ഇവിടെ വരിക."
ഖലീഫയുടെ ഉത്തരവ്‌ അറിഞ്ഞ ചിലര്‍ റൗഹിനെ കാര്യം ധരിപ്പിച്ചു. കടകള്‍ മടക്കിക്കൊടുക്കാനാവശ്യപ്പെടുകയും ചെയ്തു. അതോടെ അയാളുടെ അഹന്ത അസ്തമിച്ചു. ഉമറുബ്നു അബ്ദില്‍ അസീസി​‍െന്‍റ ആജ്ഞ അക്ഷരംപ്രതി അനുസരിക്കുകയും ചെയതു.


"ഖാദി സാഹിബ്‌! ഭരണകൂടത്തി​‍െന്‍റ കാര്യത്തില്‍ നിങ്ങള്‍ ന്യായാധിപര്‍ ഇടപെടേണ്ട. അക്കാര്യം നന്നായറിയുക ഞങ്ങള്‍ക്കാണ്‌. ഞങ്ങള്‍ തന്നെ അവനോക്കിക്കൊള്ളാം." ആജ്ഞ ഉസ്മാനീ സുല്‍ത്താന്‍ സലീമി​‍േന്‍റതായിരുന്നു. അദ്ദേഹം കരുത്തനായ ഭരണാധികാരിയായിരുന്നു. ചുറ്റുമുള്ള രാഷ്ട്രങ്ങളെയും ഭരണകൂടങ്ങളെയും കീഴ്പ്പെടുത്താന്‍ അദ്ദേഹത്തിന്‌ അനായസം സാധിച്ചു. നിസാര കാരണങ്ങളുടെ പേരില്‍ പട്ടാളക്കാരെയും ഉദ്യോഗസ്ഥ?​‍ാരെയും വധശിക്ഷക്ക്‌ വിധേയമാക്കുക പതിവായിരുന്നു. ഒരിക്കല്‍ ധനകാര്യ വകുപ്പിലെ നൂറ്റമ്പത്‌ ജോലിക്കാരെ കൊച്ചുകൊച്ചു കുറ്റങ്ങളുടെ പേരില്‍ പുറത്താക്കുകയും വധശിക്ഷക്ക്‌ വിധിക്കുകയും ചെയ്തു. വിവരമറിഞ്ഞ കോൺസ്റ്റാന്‍റിനോപ്പിളിലെ ജഡ്ജി ജമാലി അവരാരും വധശിക്ഷക്ക്‌ അര്‍ഹരല്ലെന്നും അതിനാല്‍ നിരുപാധികം വിട്ടയക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതില്‍ കോപാകുലനായാണ്‌ സുല്‍ത്താന്‍ ഭരണത്തിലെ ഇടപെടലില്‍നിന്ന്‌ അദ്ദേഹത്തെ വിലക്കിയത്‌.
പക്ഷെ, ജമാലി ഭീഷണിക്ക്‌ വഴങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല. അദ്ദേഹം ദൃഢസ്വരത്തില്‍ പറഞ്ഞു: "താങ്കള്‍ ഭൗതിക നേട്ടങ്ങള്‍ ലക്ഷ്യംവെച്ച്‌ ചിന്തിക്കുന്നു. ഞാന്‍ പരലോക രക്ഷ ലക്ഷ്യം വെച്ചും. താങ്കളുടെ വധവിധി ഇവിടെ എന്തൊക്കെ ഗുണം ചെയ്താലും, നേട്ടങ്ങള്‍ക്ക്‌ നിമിത്തമായാലും, മരണാനന്തരം മറുലോകത്ത്‌ നികത്താനാവാത്ത നഷ്ടങ്ങള്‍ക്കിടയാക്കും, തീര്‍ച്ച. കരുണ കാണിക്കുന്നവരോട്‌ അല്ലാഹുവും കരുണ കാണിക്കുന്നു. ആക്രമികളെ അവന്‍ കഠിനമായി ശിക്ഷിക്കും."
ജഡ്ജിയുടെ മുമ്പില്‍ സുല്‍ത്താനു വഴങ്ങേണ്ടി വന്നു. നൂറ്റമ്പതു പേരെയും നിരുപാധികം വിട്ടയച്ചു.

No comments:

Post a Comment