വഴികാട്ടിയും വെളിച്ചവും


വാണിദാസ്‌ എളയാവൂര്‍

വാത്സല്യനിധിയായ സ്വപുത്രനോട്‌ ഒരു പിതാവേന്നപോലെ ദൈവം മനുഷ്യനോട്‌ ഇങ്ങനെ പറഞ്ഞു
നിനക്ക്‌ ഞാനൊരു വിളക്ക്‌ നല്‍കി അതാണ്‌ വിശേഷബുദ്ധി. പ്രപഞ്ചത്തില്‍ നിന്നെക്കൂടാതെ എന്റെ അനേകം സൃഷ്ടികളുണ്ട്‌. അവര്‍ക്കാര്‍ക്കും നല്‍കാത്ത അതിവിശിഷ്ട വസ്തുവാണ്‌ ഞാന്‍ നിനക്ക്‌ തന്നത്‌. അതിന്റെ വിലയറിയാനും വിവേകപൂര്‍വം വിനിയോഗിക്കാനും നിനക്ക്‌ കഴിയണം. ഒന്നു മാത്രം സൂചിപ്പിക്കാം പ്രപഞ്ചം മുഴുവന്‍ തെളിച്ചുകാട്ടാന്‍പോന്ന വിളക്കാണത്‌. അത്‌ നിന്റെ നിലയും വിലയും വര്‍ദ്ധിപ്പിക്കും. ഒരു പരീക്ഷണം വഴി ഒരിക്കല്‍ നിന്നെ ഞാനത്‌ ബോധ്യപ്പെടുത്തി. നിന്റെ വിശേഷബുദ്ധിയില്‍ ഞാന്‍ തിരികൊളുത്തി. മലക്കുകളെപ്പോലും പരാജയപ്പെടുത്തിക്കൊണ്ട്‌ നീയതിന്റെ മികവ്‌ കാണിച്ചു. ഞാന്‍ സംതൃപ്തനായി. ഞാന്‍ മലക്കുകളോട്‌ നിന്നെയാദരിക്കാന്‍ പറഞ്ഞു. ഒന്ന്‌ മനസ്സിലായി. വിശേഷബുദ്ധി നിന്നില്‍ പ്രോജ്ജ്വലിക്കുമെന്ന്‌. ഒന്ന്‌ ഞാനാശ്വസിച്ചു സൃഷ്ടികളില്‍ ശ്രേഷ്ഠനായി ഞാന്‍ തിരഞ്ഞെടുത്ത നീ ലോകത്ത്‌ അജയ്യനായി, അധൃഷ്യനായി പരിണമിക്കുമെന്ന്‌. കാലത്രയങ്ങളെ പ്രകാശമണിയിക്കാന്‍ പോന്ന വിളക്കാണത്‌. ആ വിളക്ക്‌ ..ഒരു പര്‍വതത്തിലേക്കാണ്‌ ഞാനയച്ചുകൊടുത്തതെങ്കില്‍ ദൈവത്തെ ഭയന്ന്‌ ആ പര്‍വതം പൊട്ടിത്തകരുന്നത്‌ നിനക്ക്‌ കാണാമായിരുന്നു. .. അത്രയും സ്ഫോടക സ്വഭാവമിയന്നതാണ്‌ അതിന്റെ പ്രകാശ വിസ്മയം. അതുകൊണ്ടാണ്‌ അത്‌ മറ്റാര്‍ക്കും നല്‍കാതെ നിനക്ക്‌ സമ്മാനിച്ചതു.

അറിവിന്റെ സ്ഫോടക സ്വഭാവത്തെ സംബന്ധിച്ച്‌ പ്രവാചകന്റെ ഒരനുസ്മരണമുണ്ട്‌.
പ്രവാചകന്‍ പള്ളിയിലെത്തി. അവിടെ അന്നേരമൊരാള്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. വാതില്‍പ്പടിയില്‍ മ​‍ൊരാളിരിക്കുന്നത്‌ പ്രവാചകന്റെ ദൃഷ്ടിയില്‍പെട്ടു. ആരെന്ന്‌ മനസ്സിലായില്ല. പ്രവാചകന്റെ കാല്‍പെരുമാറ്റം കേട്ട്‌ വാതില്‍പടിയിലെ ആള്‍ തിരിഞ്ഞുനോക്കി. പ്രവാചകന്‌ ആളെ മനസ്സിലായി. അത്‌ ഇബിലീസായിരുന്നു. പ്രവാചകന്‍ ഇങ്ങനെ ചോദിച്ചു ഇബിലീസ്‌, ഇവിടെയെന്താ കാര്യം?
ചിരിച്ചുകൊണ്ട്‌, പ്രാര്‍ഥിക്കുന്നവന്റെ നേരെ ചൂണ്ടി ഇബിലീസ്‌ ഇങ്ങനെ പറഞ്ഞു ദാ ഒരാളിവിടെ പ്രാര്‍ഥിക്കുന്നു. അവനെയൊന്ന്‌ പിഴപ്പിക്കണം .. പ്രവാചകന്‍ കൗതുകത്തോടെ ഇങ്ങനെ അന്വേഷിച്ചു എന്നാല്‍ താന്‍ എന്ത്കൊണ്ട്‌ ജോലി തുടങ്ങുന്നില്ല? അന്നേരം സ്വല്‍പമൊരു വിഷമത്തോടെ ഇബിലീസ്‌ മ​‍ൊരു മൂലയിലേക്ക്‌ വിരല്‍ ചൂണ്ടി. അവിടെയൊരാള്‍ കിടന്നുറങ്ങുന്നുണ്ട്‌. നല്ല ഉറക്കം. പ്രവാചകന്‍ തുടര്‍ന്നു അയാള്‍ ഉറങ്ങുകയല്ലേ, ഉറങ്ങുന്നവനെ താനെന്തിന്‌ പേടിക്കണം. ഇതിന്ന്‌ ഇബിലീസ്‌ നല്‍കിയ മറുപടി അത്യന്തം ശ്രദ്ധേയമായിരുന്നു അറിവുള്ളവന്‍ ഉറങ്ങുകയാണെങ്കിലും അപകടകാരിയാ.

തന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേട്ടുകൊണ്ടിരുന്ന മനുഷ്യനോട്‌ ദൈവം തുടര്‍ന്നു. പരാശ്രയമൊഴിവാക്കി സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കുവാനും അതിലൂന്നി ഉയരുവാനും ദൈവത്തില്‍ മാത്രം ശരണമര്‍ഥിക്കുവാനും ഞാന്‍ നിന്നെ പ്രബോധിപ്പിച്ചു. നിന്റെ ആജ്ഞക്ക്ക്‌ മാത്രമേ ഞങ്ങള്‍ കീഴ്പെട്ട്‌ ജീവിക്കുകയുള്ളു. നിന്നോട്‌ മാത്രമേ ഞങ്ങള്‍ സഹായമപേള്ളിക്കുകയുള്ളു (ഖുര്‍ആന്‍ 1:5)
ആരുടെ മുന്നിലും വിനമ്രശിരസ്സായി നില്‍ക്കേണ്ടവനല്ല നീ. കാലവേഗത്തെ മറികടക്കാനും ലോകവിസ്തൃതിയെ ഉള്ളിലൊതുക്കാനും സമസ്ത ശക്തികളെയും കൈങ്കരീയത്തിലമര്‍ത്തിവെക്കാനും പോന്ന സിദ്ധിസാധ്യതകള്‍ നിന്നില്‍ ഞാന്‍ നിക്ഷേപിച്ചു. അത്‌ നിന്നില്‍ സൂക്ഷിച്ച എന്നെ എന്നെ മാത്രം നീ നമിക്കുക. നീ എന്നെയോര്‍ക്കുമ്പോള്‍, എനിക്കുമുന്നില്‍ അടി പണിയുമ്പോള്‍ എന്റെ നിക്ഷേപത്തെക്കുറിച്ച്‌ നീയോര്‍ക്കും. എന്റെ നിര്‍ദ്ദേശങ്ങള്‍ നിന്റെ വിചാരവൃത്തികള്‍ക്ക്‌ വിധേയമാകും. നിന്റെ വികാസവൃദ്ധികളാണ്‌ മാനവസൃഷ്ടിയില്‍ എന്റെ വിഭാവിത ലക്ഷ്യമെന്ന്‌ നീയന്ന്‌ മനസ്സിലാക്കും. നിന്റെ ധര്‍മ്മകര്‍മ്മങ്ങള്‍ വിധിപൂര്‍വകം നടക്കണം. നിന്റെ വിശേഷബുദ്ധി പ്രോജ്ജ്വലിക്കണം. ഞാനയച്ച വേദഗ്രന്ഥം അതിനുള്ള ഊര്‍ജസ്രോതസ്സാണ്‌.
നേരം പോക്കാനുള്ള ഒരു കളിയായല്ല ഞാന്‍ എന്റെ കൈകൊണ്ട്‌ നിന്നെ സൃഷ്ടിച്ചതു. അനന്തവിസ്തൃതമായ പ്രപഞ്ചത്തെയും എണ്ണമ ജീവജാലങ്ങളെയും ഞാന്‍ സൃഷ്ടിച്ചതു നിനക്കുവേണ്ടിയാണ്‌. നിന്റെ ജന്‍മത്തിലൂടെമാത്രം സാക്ഷാല്‍കരിക്കാന്‍ കഴിയുന്ന മഹത്തായ ഒരു ദൗത്യമുണ്ട്‌. അതിന്ന്‌ പോരുന്ന കളരിയും കര്‍മ്മരംഗവുമയാണ്‌ ഞാന്‍ ഈ പ്രപഞ്ചത്തിന്‌ രൂപവിധാനം നല്‍കിയത്‌.
ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ള വസ്തുക്കളെയും നാം സൃഷ്ടിച്ചിരിക്കുന്നത്‌ വിനോദത്തിനുവേണ്ടിയല്ല. മറിച്ച്‌ ചില ന്യായമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുതന്നെയാണ്‌ അവ രണ്ടിനെയും നാം സൃഷ്ടിച്ചിരിക്കുന്നത്‌. രാപ്പലുകളെയും സൂര്യചന്ദ്രന്‍മാരെയും അല്ലാഹു നിങ്ങള്‍ക്ക്‌ കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു. അതേപോലെ നക്ഷത്രങ്ങളെയും അവന്റെ അവന്റെ കല്‍പനക്കനുസരിച്ച്‌ നിങ്ങള്‍ക്ക്‌ കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു.

കളിക്കളത്തില്‍ ഞാന്‍ കരുക്കളെല്ലാം നിരത്തിയിട്ടിരിക്കുന്നു. നീയവയുപയോഗപ്പെടുത്തി കളിച്ചു ജയിക്കണം.
അസംസ്കൃത വസ്തുക്കളെല്ലാം ഞാന്‍ ഇവിടെ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്‌. നീയവയുപയോഗപ്പെടുത്തി വിശിഷ്ടഭോജ്യങ്ങളൊരുക്കണം. ഇന്ധനം ഇവിടെയും യന്ത്രം നിന്നിലുമുണ്ട്‌. നീയതുപയോഗപ്പെടുത്തി യന്ത്രത്തെ പ്രവര്‍ത്തനക്ഷമമാക്കണം. തിന്നും ഉറങ്ങിയും പ്രജനനം സാധിച്ചും കഴിയാനല്ല നിനക്കിവിടെ ജന്‍മം നല്‍കിയത്‌. ജന്തുസഹജമായതേ നിന്നില്‍ നിന്നനുഭവപ്പെടുന്നുള്ളുവേങ്കില്‍ നീയെങ്ങനെ സൃഷ്ടികളില്‍ ശ്രേഷ്ടനാകും അപ്പോള്‍ അതിന്നപ്പുറമൊന്ന്‌ ഞാന്‍ നിന്നില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നുണ്ട്‌. സമുന്നതിയുടെ എന്റെ സങ്കേതം പ്രാപിക്കുകയാണ്‌ ഞാന്‍ നിന്നില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌. ഉല്‍കൃഷ്ടസൃഷ്ടി എന്നതില്‍ സായൂജ്യമടയുമടയാതെ, അലംഭാവം കൊള്ളാതെ ധര്‍മ്മവിസ്മൃതിക്കടിപ്പെടാതെ നീ ഉയര്‍ന്നു പൊങ്ങണം. ക്ലേശഭൂയിഷ്ടമാണ്‌ മാര്‍ഗം. അവ്യക്തത്തയാണ്‌ മുന്നില്‍. അന്ധകാരമാണെങ്ങും. സ്വന്തം കൈനിലകളിലമര്‍ന്നിരിക്കുന്ന താമസവികാരങ്ങളുടെ തള്ളി മാ​‍ാനാവാത്ത പ്രലോഭനങ്ങളും ഭീഷണിയും നിനക്കുണ്ടാകും ഞാനതറിയുന്നു. അവിടെയാണ്‌ ഒരു വഴി കാട്ടിയുടെ ആവശ്യം ഞാന്‍ കണ്ടത്‌. തെളിഞ്ഞുകാണാന്‍ വെളിച്ചവുംവേണം. പ്രവാചകനും വേദഗ്രന്ഥവും അവിടെയാണ്‌ പ്രസക്തമാകുന്നത്‌.

കുഴക്കുന്ന വഴികളാണെങ്ങും. സൂക്ഷ്മബോധമില്ലാതെ സത്യശുദ്ധമായ മാര്‍ഗ്ഗത്തെക്കുറിച്ചറിയാതെ എങ്ങോട്ടെന്നില്ലാതെ ഓടുന്നു. ഇതാണ്‌ തന്റെ ശരിയായ മാര്‍ഗമെന്നു കരുതി കുരേനേരം സമാധാനിച്ചുവേന്നു വരും. അപ്പോഴാണബദ്ധമറിയുന്നത്‌. ഉടനെ തിരിഞ്ഞോടും. കുറെ ചെന്നപ്പോള്‍ അതുമൊരു പിഴയായിപ്പോയെന്നറിയുന്നു. ഇങ്ങനെ പലകുറി ആവര്‍ത്തിക്കപ്പെടുന്നു. ഗതികിട്ടാതെ പരിഭ്രാന്തമായി പരക്കം പായുന്ന മനുഷ്യനെ ഖുര്‍ആന്‍ മാടിവിളിച്ച്‌ വഴി നയിക്കുന്നു.

ശരിയായ മാര്‍ഗത്തിലാണെങ്കിലും വിചാരിക്കാതെ വന്നുപെടുന്ന ദുരനുഭവങ്ങള്‍ അളവതാണ്‌. താദൃശാനുഭവങ്ങളെ നേരിടേണ്ടി വരുമ്പോള്‍ മനഃസ്വാസ്ഥ്യം നഷ്ടപ്പെടുന്നു. ആലസ്യം അടിപ്പെടുത്തുന്നു. മുന്നോട്ടുള്ള യാത്ര ദുസ്സഹമായിത്തീരുന്നു. അന്നേരം മനസ്സിനെ അമൃതസേചനം ചെയ്തുകൊണ്ടെന്നോണം നവോന്‍മേഷമണിയിച്ച്‌ സ്വധര്‍മനിര്‍വഹണത്തിന്‌ ശക്തവും പ്രാപ്തവുമാക്കിത്തീര്‍ക്കുന്ന പ്രഭവമായി ഖുര്‍ആന്‍ അവതീര്‍ണമായി. അവശവും വിവശവുമായി, സ്വയം നശിച്ച്‌, വിശ്വാസത്തെപ്പോലും പഴിച്ച്‌, ജീവിതത്തെ വൃഥാഭാരമായി വലിച്ചിഴഞ്ഞുനീങ്ങുന്ന മനുഷ്യനില്‍ ഖുര്‍ആന്‍ ആത്മവീര്യം പകരുന്നു. ഒരാചാര്യനെപ്പോലെ അടുത്തുനിന്നുപദേശിക്കാനും ഒരാപല്‍ബാന്ധുവെപ്പോലെ ആശ്വാസമരുളാനും ഒരു ഭിഷ്വഗരനെപ്പോലെ സാന്ത്വനമേകാനും ഒരു രക്ഷാകര്‍ത്താവിനെപ്പോലെ കാവലാളായിക്കഴിയാനും സകല സന്ദര്‍ഭങ്ങളിലും പ്രത്യക്ഷപ്പെട്ട്‌ നമ്മെ വഴി നയിക്കാനും പോരുന്ന സമസ്തവും ആ വിശിഷ്ട ഗ്രന്ഥത്തിലുണ്ട്‌. ജീവിത ബന്ധിയായ സകല വിഷയങ്ങളും അതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. ഗുരുലഘുഭേദമില്ലാതെ മനുഷ്യന്റെ വിഭാവനകളെക്കുറിച്ചുള്ള തെളിഞ്ഞ ചിത്രങ്ങളുമതിലുണ്ട്‌. അവ്യക്തത്തയുടെ നിഴലും അജ്ഞതയുടെ ഇരുളും കളിയാടുന്ന മനുഷ്യമനസ്സുകളില്‍ ഖുര്‍ആനിലെ അക്ഷരങ്ങള്‍ നക്ഷത്രജ്യോതിസ്സുകളായി കതിര്‍വെട്ടം ചൊരിഞ്ഞു. കവിതപോലെ സുന്ദരവും ആലോചനാമൃതവുമാണ്‌ അതിലെ സൂറകളോരോന്നും. കൂടുതല്‍ തെളിഞ്ഞമര്‍ന്ന വായനയില്‍ അനവദ്യസൗന്ദര്യത്തിന്റെ മഹിമാവുകള്‍ നമ്മെ ഹഠാദാകര്‍ശിക്കും. ശ്രദ്ധാപൂര്‍വമായ ഓരോ വായനയും നവനവോഷേശാലിയായ ഓരോ വിശിഷ്ടാനുഭൂതിയായിരിക്കും. അതിന്റെ പിറവിയും പ്രകൃതവും പ്രകീര്‍ത്തിക്കുമ്പോള്‍ നിറം മങ്ങാത്ത ഒരു വിസ്മയമായി ആ വരിഷ്ട ഗ്രന്ഥശില്‍പം മനുഷ്യമനസ്സുകളില്‍ എന്നും ജീവിക്കും. കുളിരലകള്‍ വര്‍ഷിക്കുന്ന തൈമണിക്കാ​‍ായും പ്രത്യാശയുടെ നിറപൂക്കള്‍ വിരിയിക്കുന്ന വസന്തര്‍ത്തുവായും രോഗമൂര്‍ച്ഛയില്‍ ശമനൗഷധമായും വര്‍ത്തിക്കുന്ന സത്യവേദഗ്രന്ഥത്തില്‍ അസദൃശമായ പവിത്ര വചസ്സുകള്‍ പ്രകാശമണിഞ്ഞു നില്‍ക്കുന്നു. ആര്‍ദ്രവും എന്നാല്‍ സ്ഫോടകവുമാണ്‌ അതിലെ വചസ്സുകളാകെ. ആ മഹിത വചസ്സുകളുടെ ലോലസ്ഫുരണങ്ങള്‍ പോലും പ്രസരിച്ചെത്തുന്ന മനസ്സുകളില്‍ സംഭവിച്ചുകണ്ട പരിവര്‍ത്തനങ്ങള്‍ വിശ്വവിസ്മയങ്ങളായി കീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌. പുഴുവെ ശലഭമാക്കുംപോലെ കാട്ടറബിയെ വാ​‍ിയെടുത്ത്‌ ഖലീഫയാക്കിയ മാസ്മരിക ശക്തി ഖുര്‍ആന്റെ സൂര്യതേജസ്സിന്റെ സവിശേഷതയാണ്‌.

No comments:

Post a Comment