ഇസ്ലാമും മുതലാളിത്തവും



മുഹമ്മദ്‌ ഖുത്തുബ്‌

ഇസ്ലാമികലോകത്തല്ല മുതലാളിത്തം ഉടലെടുത്തത്‌. യന്ത്രവിപ്ലവത്തിനു ശേഷം മാത്രം രൂപംകൊണ്ട ഒരു വ്യവസ്ഥയാണത്‌. യന്ത്രവിപ്ലവമാകട്ടെ, പശ്ചാത്യലോകത്ത്‌ യാദൃശ്ചികമായി സംഭവിച്ചതാണ്‌. യാദൃശ്ചികമായി എന്നു തന്നെയാണ്‌ നാം പറയുക. കാരണം സ്പെയിനില്‍ മുസ്ലിംകളുടെ കയ്യായി സംഭവിക്കേണ്ടതായിരുന്നു അത്‌. സ്പെയിനിലെ ഇസ്ലാമിക രാഷ്ട്രം തുടര്‍ന്നു നിലനിന്നിരുന്നെങ്കില്‍, മതപക്ഷപാതിത്തം അതി​‍െന്‍റ കഥ കഴിച്ചിരുന്നില്ലെങ്കില്‍, വിശ്വാസത്തി​‍െന്‍റ പേരില്‍ ഇന്‍ക്വിസിഷന്‍ കോടതികള്‍ മുസ്ലംകള്‍ക്കെതിരില്‍ അഴിച്ചുവിട്ട കിരാത മര്‍ദ്ദനങ്ങളും മറ്റും ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അതങ്ങനെ സംഭവിക്കുമായിരുന്നു.

അതെ, സ്പെയിനിലെ ശാസ്ത്രീയ നവോത്ഥാനം അതി​‍െന്‍റ സ്വാഭാവിക മാര്‍ഗത്തിലൂടെ ചരിച്ചിരുന്നെങ്കില്‍ യന്ത്രങ്ങളുടെ കണ്ടുപിടിത്തത്തില്‍ ചെന്നു കലാശിക്കുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ മുസ്ലിംകളെ അവിടെനിന്നു ആട്ടിപ്പുറത്താക്കിയ രാഷ്ട്രീയ സംഭവങ്ങള്‍ ലോകത്തി​‍െന്‍റതന്നെ ശാസ്ത്രീയ മുന്നേറ്റത്തെ നൂറ്റാണ്ടുകളോളം താമസിപ്പിച്ചു. പിന്നീട്‌ യൂറോപ്പ്‌ അതി​‍െന്‍റ നിദ്രയില്‍നിന്നുണരുന്നതുവരേക്കും കാത്തിരിക്കേണ്ടി വന്നു. അതോടുകൂടെ മുസ്ലിം വിജ്ഞാനീയങ്ങളും മുസ്ലിം കലാശാലകളില്‍ തഴച്ചുവളര്‍ന്നിരുന്ന ഗ്രീക്ക്‌ വിജ്ഞാനീയങ്ങളും കയ്യിലേന്തി യൂറോപ്പ്‌ മുന്നോട്ടു ഗമിച്ചു. തുടര്‍ന്ന്‌ കണ്ടുപിടിത്തത്തി​‍െന്‍റ മേഖലകളില്‍ പുതിയ പുതിയ വഴിത്താരകള്‍ വെട്ടിത്തുറന്നു.

മുസ്ലിം ലോകം യൂറോപ്പി​‍െന്‍റ ചൊല്‍പടിക്ക്‌ കീഴിലായിരുന്ന ഒരു ഘട്ടത്തിലാണ്‌ മുതലാളിത്തം അവിടെ കടന്നുവന്നത്‌. ദാരിദ്ര്യത്തിലും അജഞ്ഞതയിലും രോഗത്തിലും പിന്നാക്കാവസ്ഥയിലും മൂക്കോളം മുങ്ങിക്കിടന്നിരുന്ന ആ ജനതയുടെ മേല്‍ യൂറോപ്പി​‍െന്‍റ പിടി പൂര്‍ണമായും മുറുകിയിരുന്ന ഘട്ടത്തില്‍ മുതലാളിത്തം അവരില്‍ പ്രചരിപ്പിച്ചു. അതുകണ്ട്‌, ഗുണദോഷവിചിന്തനം കൂടാതെ ഇസ്ലാം മുതലാളിത്തത്തെ കണ്ണടച്ചാശ്ലേഷിക്കുന്നുവേന്ന്‌ ചിലര്‍ ധരിച്ചുവശായി. മുതലാളിത്തത്തിന്‌ നിരക്കാത്തതോ അതിന്‌ വിരുദ്ധമായതോ ഒന്നും ഇസ്ലാമിക വ്യവസ്ഥയിലും നിയമസംഹിതയിലും ഇല്ലെന്നവര്‍ കരുതി. കാരണം അത്‌ സ്വകാര്യോടമയെ അനുവദനീയമാക്കുന്നു. ലോകത്തി​‍െന്‍റ സാമ്പത്തിക പരിണാമ പ്രക്രിയയില്‍ അത്‌ മുതലാളിത്തപരമായ സ്വകാര്യോടമയായിത്തീര്‍ന്നുവേന്നു മാത്രം. അടിസ്ഥാന തത്വത്തില്‍ യോജിക്കുന്ന സ്ഥിതിക്ക്‌ അതി​‍െന്‍റ അനന്തരഫലത്തെയും സ്വാഭാവികമായും ഇസ്ലാം അംഗീകരിക്കും.

സാമ്പത്തികശാസ്ത്രം പഠിച്ച ഏതൊരാള്‍ക്കുമറിയാവുന്ന ഒരു പ്രാഥമിക തത്വം മാത്രം മതി ഇവര്‍ക്ക്‌ മറുപടി പറയാന്‍. അതായത്​‍്‌ പലിശയും പൂഴ്ത്തിവെപ്പും കൂടാതെ മുതലാളിത്ത വ്യവസ്ഥ നിലവില്‍ വരുകയോ അതി​‍െന്‍റ വിശാല രൂപം കൈക്കൊള്ളുകയോ ചെയ്യുമായിരുന്നില്ല. ഇസ്ലാമാകട്ടെ മുതലാളിത്ത വ്യവസ്ഥയുടെ ആവിര്‍ഭാവത്തിന്‌ ആയിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അവ രണ്ടും നിഷിദ്ധമാക്കി!

എന്നാല്‍, ഈ വ്യാജവാദികള്‍ക്ക്‌ മറുപടി പറയുവാന്‍ നാം ധൃതിപ്പെടുന്നില്ല. പ്രശ്നം കുറെക്കൂടി അവധാനപൂര്‍വം കയ്യാളാം. യന്ത്രവിപ്ലവം-സ്വഭാവികമായും സംഭവിക്കേണ്ടിയിരുന്നത്പോലെ മുസ്ലിം ലോകത്താണുണ്ടായതെന്ന്‌ സങ്കല്‍പിക്കുക. എന്നാല്‍ അതി​‍െന്‍റ അനിവാര്യഫലമെന്നോണം സംഭവിക്കുന്ന സാമ്പത്തിക പരിണാമത്തെ ഇസ്ലാം എങ്ങനെയായിരിക്കും നേരിടുക? എങ്ങനെയായിരിക്കും സ്വന്തം വ്യവസ്ഥയുടെയും നിയമസംഹിതയുടെയും തണലില്‍ തൊഴില്‍ ബന്ധങ്ങളും ഉത്പാദന ബന്ധങ്ങളും അത്‌ ചിട്ടപ്പെടുത്തുക?

മുതലാളിത്ത വ്യവസ്ഥയുടെ ശത്രുക്കള്‍ അടക്കമുള്ള -കാറല്‍ മാര്‍ക്ക്സാണ്‌ അവരുടെ തലപ്പത്ത്‌ - എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഒരുപോലെ സമ്മതിച്ചതാണ്‌ മുതലാളിത്തം അതി​‍െന്‍റ ആരംഭദശയില്‍ വളരെ പുരോഗമനപരമായ ഒരു കാല്‍വെപ്പായിരുന്നുവേന്ന്‌. ജീവിതത്തി​‍െന്‍റ വ്യത്യസ്ത മണ്ഡലങ്ങളില്‍ മാനവരാശിക്ക്‌ അത്‌ മഹത്തായ പല സംഭാവനകളും അര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ സമ്മതിക്കുന്നു. ഉത്പാദനം വര്‍ദ്ധിപ്പിച്ചു. ഗതാഗത മാര്‍ഗങ്ങള്‍ പരിഷ്കരിച്ചു. മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം വിശാലമായ വൃത്തത്തില്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്തു. തൊഴിലാളികളുടെ ജീവിത നിലവാരം കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന കാലത്തേതിനെക്കാള്‍ പതിന്‍മടങ്ങ്‌ മെച്ചപ്പെടുത്തി.

എന്നാല്‍ ഈ സുവര്‍ണദശ ഏറെക്കാലം നീണ്ടുനിന്നില്ല. കാരണം മുതലാളിത്തം-അവരുടെ ഭാഷയില്‍ അതി​‍െന്‍റ സ്വാഭാവിക പരിണാമമനുസരിച്ച്‌-മുതലുടമകളുടെ പക്കല്‍ സമ്പത്ത്‌ കൂമ്പാരമായി കെട്ടിക്കിടക്കുന്ന ഒരു പതനത്തിലേക്ക്‌ നീങ്ങി. ആ വര്‍ദ്ധനവിന്നനുസരിച്ച്‌ ആപേക്ഷികമായി തൊഴിലാളികളുടെ കൈകളില്‍ അത്‌ കുറഞ്ഞുവന്നു. കഴിവി​‍െന്‍റ പരമാവധി ഉത്പാദനമുണ്ടാക്കുന്നതിനായി മുതലാളി, തൊഴിലാളിയെ-കമ്യൂണിസത്തി​‍െന്‍റ ദൃഷ്ടിയില്‍ അവന്‍ മാത്രമാണ്‌ ഉത്പാദകന്‍ - ഉപയോഗപ്പെടുത്തി. എന്നിട്ടും അധ്വാനിക്കുന്ന ഭൂരിപക്ഷത്തിന്‌ മാന്യമായ ഒരു ജീവിതത്തിനുപോലും തികയാത്ത തുച്ഛമായ വേതനം മാത്രമാണ്‌ നല്‍കിയത്‌. ശേഷിച്ച സമ്പത്തു മുഴുവന്‍ കൊള്ളലാഭമായി കയ്യടക്കിക്കൊണ്ട്‌ അമിതമായ ആഢംബരത്തില്‍ സുഖപ്രമത്തരായി മുതലാളിമാര്‍ കഴിഞ്ഞുകൂടി.

ഇവിടെ മറ്റൊരു വസ്തുത കൂടിയുണ്ട്‌. തൊഴിലാളികളുടെ കൂലിയിലുള്ള അപര്യാപ്തനിമിത്തം മുതലാളിത്ത രാജ്യങ്ങളിലെ വ്യവസായികോത്പന്നങ്ങള്‍ വാങ്ങിയുപയോഗിക്കുവാന്‍ സാധിക്കാതെ വരുന്നു. വ്യവസായ ഉത്പന്നങ്ങള്‍ വാങ്ങിയുപയോഗിക്കാന്‍ മതിയായ വേതനം തൊഴിലാളിക്ക്‌ ലഭിച്ചിരുന്നെങ്കില്‍ മുതലാളിയുടെ പക്കല്‍ അമിതലാഭം കുമിഞ്ഞുകൂടുമായിരുന്നില്ല. ഏറ്റവും ചുരുങ്ങിയത്‌ അത്‌ ഗണ്യമായി കുറയുകയെങ്കിലും ചെയ്യുമായിരുന്നു. എന്നാല്‍ മുതലാളിത്തം ഒരിക്കലും സമ്മതിക്കാത്ത ഒരു കാര്യമാണിത്‌. അവര്‍ ഉത്പാദിപ്പിക്കുന്നതു തന്നെ ലാഭിക്കാന്‍ വേണ്ടിയാണ്‌. ഉപയോഗിക്കാന്‍ വേണ്ടിയല്ല. അപ്പോള്‍ ഓരോവര്‍ഷവും ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങും. അത്‌ ചെലവഴിക്കാന്‍ പറ്റിയ കമ്പോളങ്ങള്‍ കണ്ടെത്താനായിരിക്കും അടുത്ത ശ്രമം. തല്‍ഫലമായി സാമ്രാജ്യത്വം ഉടലെടുക്കുന്നു. തുടര്‍ന്നു മാര്‍ക്കറ്റുകള്‍ പിടിച്ചുപറ്റാനും അസംസ്കൃത പദാര്‍ത്ഥങ്ങള്‍ കയ്യടക്കാനുമുളള മത്സരമായി. അവസാനം മാരകങ്ങളായ മഹായുദ്ധങ്ങളില്‍ ചെന്നു കലാശിക്കുന്നു?

അതോടൊപ്പം വേതനത്തിലുള്ള അപര്യാപ്തത്തയും വര്‍ദ്ധിച്ച ഉത്പാദനത്തെയപേക്ഷിച്ച്‌ ലോകത്ത്‌ പൊതുവില്‍ ഉണ്ടായ വ്യാപാരക്കമ്മിയും മൂലമുളവായ സ്തംഭനാവസ്ഥ മുതലാളിത്ത വ്യവസ്ഥിതിയില്‍ പലപ്പോഴും കടുത്ത പ്രതിസന്ധികള്‍ക്കിടയാക്കി. ഭൗതികവാദികളും യാന്ത്രിക സാമ്പത്തിക പരിണാമത്തില്‍ വിശ്വസിക്കുന്നവരും വെച്ചുപുലര്‍ത്തുന്ന ചിന്താഗതി വിചിത്രമാണ്‌. മുതലാളിമാരുടെ ദുര നിമിത്തമോ ചൂഷണ മനഃസ്ഥിതി മൂലമോ ഒന്നും സംഭവിക്കുന്നതല്ല. മറിച്ച്‌, മൂലധനത്തി​‍െന്‍റ പ്രകൃതിയില്‍ നിന്ന്‌ ഉടലെടുക്കുന്നതാണത്രെ മേല്‍ പറഞ്ഞ ദൂഷ്യഫലങ്ങളെല്ലാം. വികാര വിചാരങ്ങളുള്ള മനുഷ്യനെ സാമ്പത്തിക ശക്തിക്കുമുമ്പില്‍ ഒന്നിനും കഴിവില്ലാത്ത നിഷ്ക്രിയനും നിസഹായനുമായി അവതരിപ്പിക്കുന്ന പ്രാകൃതവും വിചിത്രവുമായ ഈ ചിന്താഗതിയുടെ നേര്‍ക്ക്‌ നമുക്ക്‌ കണ്ണടക്കുക. നമുക്ക്‌ നമ്മുടെ സങ്കല്‍പത്തിലേക്ക്‌ മടങ്ങുക- മുതലാളിത്തം പിറവിയെടുത്തത്‌ മുസ്ലിം ലോകത്തായിരുന്നെങ്കില്‍ എന്ന സങ്കല്‍പത്തിലേക്ക്‌.

കാറല്‍ മാര്‍ക്ക്സ്‌ അടക്കമുള്ള സാമ്പത്തിക വിദഗ്ദ്ധന്മ​‍ാര്‍ ഏകോപിച്ചു പറഞ്ഞതുപോലെ പ്രാരംഭഘട്ടത്തില്‍ മുതലാളിത്തം മനുഷ്യരാശിയുടെ നന്മക്കും പുരോഗതിക്കും ഉതകുന്നതായിരുന്നുവേങ്കില്‍ ഇസ്ലാം അതി​‍െന്‍റ മാര്‍ഗത്തില്‍ തടസം സൃഷ്ടിക്കുമായിരുന്നില്ല. കാരണം, മനുഷ്യരാശിക്ക്‌ നന്മ കൈവരുന്നതിനെ അത്‌ വെറുക്കുന്നില്ല. മറിച്ച്‌, ഭൂമിയില്‍ നന്മ പരത്തുകയാണ്‌ അതി​‍െന്‍റ മുഖ്യ ലക്ഷ്യം.

അതോടൊപ്പം ബന്ധങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്ന നിയമങ്ങള്‍ നിര്‍മിക്കാതെ അതിനെ സ്വതന്ത്രമായി വിടുകയല്ല ചെയ്യുക. അതിനോടനുബന്ധിച്ചുണ്ടായേക്കാവുന്ന ദുഷിച്ച ചൂഷണ സമ്പ്രദായത്തെ അത്‌ തടയാതിരിക്കില്ല. അത്തരം തകരാറുകള്‍ മുതലാളിയുടെ ദുരനിമിത്തമോ മൂലധനത്തി​‍െന്‍റ യാന്ത്രികസ്വഭാവം നിമിത്തമോ എങ്ങനെ ആയിരുന്നാലും ശരി!

ഇവ്വിഷയകമായി ഇസ്ലാം അംഗീകരിച്ച നിയമപരമായ അടിസ്ഥാനം-അതാകട്ടെ എല്ലാ മുതലാളിത്ത രാഷ്ട്രങ്ങളെക്കാളും മുമ്പ്‌-മുതലുടമയോടൊപ്പം തൊഴിലാളിക്കും ആദായത്തില്‍ പങ്കുണ്ടെന്നതാണ്‌. ആ പങ്ക്‌ തുല്യമായിരിക്കണമെന്നതാണ്‌ മാലികീ മധബിലെ ഒരു വിഭാഗം പണ്ഡിതന്മ​‍ാരുടെ അഭിപ്രായം. സാമ്പത്തിക ബാധ്യതകള്‍ മുഴുവന്‍ മുതലാളിക്ക്‌. അധ്വാനഭാരം തൊഴിലാളിക്കും. മൂലധനം സംഭരിക്കുന്നതിനുവേണ്ടി മുതലാളിയും ഉത്പാദനം നടത്തുന്നതിനുവേണ്ടി തൊഴിലാളിയും അര്‍പിക്കുന്ന അധ്വാനം തുല്യമാണിവിടെ. ഈയടിസ്ഥാനത്തില്‍ ലാഭത്തിലും അവര്‍ തുല്യപങ്കാളികളാണ്‌.

നീതി നടപ്പാക്കുന്നതിനുള്ള ഇസ്ലാമി​‍െന്‍റ അദമ്യമായ അഭിലാഷമാണ്‌ ഇതില്‍ പ്രകടമായിക്കാണുന്നത്‌. തദ്വിഷയകമായി ഏറ്റവുമാദ്യമായി ചിന്തിക്കുകയും സ്വയമേവ നടപ്പിലാക്കുകയും ചെയ്തു ഇസ്ലാം. സാമ്പത്തിക സാഹചര്യങ്ങളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയോ വര്‍ഗ സംഘട്ടനങ്ങളുടെ ഫലമായോ ആയിരുന്നില്ല അത്‌.

പ്രാരംഭഘട്ടത്തില്‍ വ്യവസായം ലളിതമായ കൈവേലയായിരുന്നു. കൊച്ചു കൊച്ചു വ്യവസായശാലകളില്‍ തുഛം തൊഴിലാളികള്‍ മാത്രമാണുണ്ടായിരുന്നത്‌. നാം ചൂണ്ടിക്കാണിച്ച ഈ നിയമനിര്‍മാണം യൂറോപ്പി​‍െന്‍റ ചരിത്രത്തിലെങ്ങും സ്വപ്നം കാണാന്‍പോലും കഴിയാത്തവിധം നീതിനിഷ്ഠമായ തൊഴില്‍ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ പര്യാപ്തമായതായിരുന്നു.

എന്നാല്‍, ഇസ്ലാമിക കര്‍മശാസ്ത്രം അവിടെ വെച്ച്‌-അത്‌ സ്വന്തം നിലക്ക്‌ വളരെ ഉന്നതമായ ഒരു പരിധിയാണ്‌ - നിശ്ചലമായിപ്പോയി. കാരണം, നാലുപാടുനിന്നും വിപത്തുകളുടെ മലനിരകള്‍ മുസ്ലിം ലോകത്തി​‍െന്‍റ മേല്‍ അടര്‍ന്നുവീണുകൊണ്ടിരുന്നു. ഒരിക്കല്‍ താര്‍ത്തരികളില്‍നിന്ന്‌, മറ്റൊരിക്കല്‍ തുര്‍ക്കി സ്വേഛാധിപതികളില്‍നിന്ന്‌, പിന്നീടൊരിക്കല്‍ സ്പെയ്ന്‍ ദുരന്തം തുടര്‍ച്ചയായുണ്ടായ ആഭ്യന്തര കലഹങ്ങള്‍ കാരണമായി അങ്ങനെ പലനിലക്കും. അതോടു കൂടെ പുരോഗതിയുടെ പാതയില്‍ അത്‌ പിറകോട്ട്‌ വലിച്ചെറിയപ്പെട്ടു. ബുദ്ധിപരവും ആത്മീയവും ചിന്താപരവുമായ മരവിപ്പും മുരടിപ്പും അതിനെ അടിമുടി ബാധിച്ചു. അതി​‍െന്‍റ ദുഷ്ഫലങ്ങള്‍ അടുത്തകാലംവരെയും അതനുഭവിച്ചുകൊണ്ടിരിക്കയാണ്‌.
ഇസ്ലാമിക കര്‍മശാസ്ത്രം നിശ്ചലാവസ്ഥയെ പ്രാപിച്ച ഘട്ടത്തില്‍ യന്ത്രവിപ്ലവത്തിലൂടെ ലോകം പുരോഗതിയിലേക്ക്‌ അതിശീഘ്രം മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. ദൈനംദിന പുതിയ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ലോകജനതക്കിടയില്‍ പുതിയ പുതിയ ബന്ധങ്ങള്‍ ഉടലെടുത്തു. അവയിലൊന്നും പങ്കുചേരാനോ “പരിണാമ“ വിധേയമാക്കിക്കൊണ്ടിരിക്കുന്ന ലോകത്തിനനുഗുണമായ നിയമങ്ങള്‍ കണ്ടെത്തുവാനോ ഇസ്ലാമിക കര്‍മശാസ്ത്രത്തിന്‌ കഴിഞ്ഞില്ല.
പക്ഷെ, കര്‍മശാസ്ത്രവും ശരീഅത്തും രണ്ടാണ്‌. പൊതുതത്വങ്ങളുള്‍ക്കൊള്ളുന്ന ശാശ്വതരേഖയാണ്‌ ശരീഅത്ത്‌. (ചിലപ്പോള്‍ സൂക്ഷ്മമായ വിശദാംശങ്ങളും അതില്‍ കണ്ടേക്കും.) കര്‍മശാസ്ത്രമാകട്ടെ, ശരീഅത്തിനെ ആധാരമാക്കി കാലോചിതമായി കണ്ടെത്തുന്ന പരിവര്‍ത്തനോന്‍മുഖമായ നിയമസംഹിതയാണ്‌. ഒരു കാലത്തി​‍െന്‍റയോ തലമുറയുടെയോ വൃത്തത്തില്‍ ഒതുങ്ങിനില്‍ക്കാത്ത പരിഷ്കരണോന്‍മുഖമായ ഒരു ഘടകമാണത്‌.

മുതലാളിത്ത വ്യവസ്ഥയുടെ പരിണാമഘട്ടത്തില്‍ ശരീഅത്തില്‍ നിന്ന്‌ പ്രായോഗിക നിയമങ്ങള്‍ കണ്ടെത്തുവാന്‍ നമുക്ക്‌ വളരെയൊന്നും പ്രയാസപ്പെടേണ്ടിവരുമായിരുന്നില്ല. കാരണം അര്‍ത്ഥശങ്കക്കിടം നല്‍കാത്തവിധം സ്പഷ്ടവും വ്യക്തവുമായ മൗലിക തത്വങ്ങള്‍ അതുള്‍ക്കൊള്ളുന്നുണ്ട്‌.

സാമ്പത്തിക ചരിത്രകാരന്‍മാര്‍ പറയുന്നു: മുതലാളിത്ത വ്യവസ്ഥ അതി​‍െന്‍റ ലളിതവും സ്വച്ഛവുമായ ആദിമ രൂപത്തില്‍നിന്നു ഇന്നത്തെ വൃത്തികെട്ട രൂപത്തിലേക്ക്‌ പരിണമിച്ചുകൊണ്ടിരുന്നപ്പോള്‍ പതുക്കെ പതുക്കെ ദേശീയ കടംവായ്പകളെ ആശ്രയിക്കാന്‍ തുടങ്ങി. അതില്‍നിന്നാണ്‌ ആധുനിക മുതലാളിത്ത സമ്പ്രദായത്തി​‍െന്‍റ ആധാരശിലയായ ബാങ്കിംഗ്‌ സിസ്റ്റം ആവിര്‍ഭവിച്ചതു. ബാങ്കുകള്‍ മുതലാളിത്ത വ്യവസ്ഥകള്‍ക്കാവശ്യമായ വന്‍തുകകള്‍ “ആദായത്തിനും പലിശക്കും പകരം വായ്പയായി നല്‍കി.

കെട്ടുപിണഞ്ഞ ഈ സാമ്പത്തിക ചര്‍ച്ചയിലേക്കൊന്നും നമുക്ക്‌ കടക്കേണ്ടതില്ല. ഇപ്പറഞ്ഞതെല്ലാം സുസമ്മത യാഥാര്‍ത്ഥ്യങ്ങളാണ്‌. വിശദാംശങ്ങളറിയാനാഗ്രഹിക്കുന്നവര്‍ സാമ്പത്തിക ശാസ്ത്രഗ്രന്ഥങ്ങള്‍ പരിശോധിച്ചുകൊള്ളട്ടെ. ഈദൃശ വായ്പകളും ബാങ്കിംഗ്‌ ഇടപാടുകളും പലിശയെ ആധാരമാക്കിയുള്ളവയാണെന്നും പലിശ ഇസ്ലാം പൂര്‍ണമായും നിരോധിച്ച ഒന്നാണെന്നും ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ നമ്മുടെ ഉദ്ദേശ്യം.

No comments:

Post a Comment