ഉമറുല്‍ ഫാറൂഖ് അബുമുസല്‍ അശ്‌രിക്ക് എഴുതി: "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിെന്റ നാമത്തില്‍".
"അല്ലാഹുവിെന്റ ദാസനും വിശ്വാസികളുടെ നായകനുമായ ഉമര്‍ എഴുതുന്നത്. അല്ലാഹുവിെന്റ അനുഗ്രഹം താങ്കള്‍ക്കുണ്ടാവട്ടെ".
"നീതിന്യായം നിര്‍ബന്ധ ബാധ്യതയാണ്. പിന്തുടരപ്പെടേണ്ട പ്രവാചകചര്യയും. ഇക്കാര്യം സുസ്ഥാപിതവും സുസമ്മതവുമത്രെ. വിധി നടത്തേണ്ടിവരുമ്പോള്‍ നീ സൂക്ഷ്മത പാലിക്കുക. അനര്‍ഹമായ ന്യായവാദങ്ങള്‍ അംഗീകരിക്കരുത".
"നിന്നില്‍ നിന്ന് ഒരു പ്രമാണിയും പക്ഷം പ്രതീക്ഷിക്കുകയോ, ദുര്‍ബലന്‍ നിെന്റ നീതിയെക്കുറിച്ച് നിരാശനാവുകയോ ചെയ്യാനിടവരാത്തവിധം, മുഖഭാവത്തിലും നിയമനടത്തിപ്പിലും സദസിലുമെല്ലാം നിഷ്പക്ഷത പുലര്‍ത്തുക. തെളിവ് സമര്‍പ്പിക്കേണ്ടത് വാദിയാണ്. സത്യം ചെയ്യേണ്ടത് കുറ്റം നിഷേധിക്കുന്നവനും. മുസ്ലിംകള്‍ക്കിടയില്‍ അനുരഞ്ജനം അനുവദനീയം മാത്രമല്ല, അഭിലഷണീയം കൂടിയത്രെ. പക്ഷെ, അനുവദനീയം നിഷിദ്ധവും നിഷിദ്ധം അനുവദനീയവും ആക്കുന്ന വിധത്തിലാവരുത്ത് അത്. "
"ഒരിക്കല്‍ വിധി പ്രഖ്യാപിച്ചശേഷം, അതേ പ്രശ്നം പുനര്‍വിചിന്തനത്തിന് വിധേയമാവുകയും സത്യം വ്യക്തമാവുകയും ചെയ്താല്‍, ആദ്യവിധി, സത്യത്തിലേക്ക് മടങ്ങാന്‍ താങ്കള്‍ക്ക് തടസമാവരുത്ത്. സത്യം അനശ്വരം തന്നെ. അതിലേക്കുള്ള മടക്കം, അനീതിയില്‍ തുടരുന്നതിനേക്കാള്‍ അനേക മടങ്ങ് ഉത്തമവും. "
"പരിശുദ്ധ ഖുര്‍ആനിലോ പ്രവാചകചര്യയിലോ ഇല്ലാത്ത വിഷയത്തില്‍ നിെന്റ അകം അശാന്തമാവുമ്പോള്‍, താങ്കള്‍ സ്വന്തം യുക്തിബോധത്തെയും ചിന്താശക്തിയെയും അവലംബിക്കുക. അവയുപയോഗിച്ച് സമാന നിയമങ്ങളും സാദൃശ്യങ്ങളും കണ്ടെത്തുക. അവയില്‍ അല്ലാഹുവിന് ഏറ്റം ഇഷ്ടകരമായതും സത്യത്തോട് ഏറെ സദൃശ്യമായതും സ്വീകരിക്കുക. " തെളിവ് ഹാജരാക്കാന്‍ അവധി ആവശ്യപ്പെടുന്നവര്‍ക്ക് അതനുവദിക്കുക. അവകാശി തെളിവ് സമര്‍പ്പിച്ചാല്‍ അയാളുടെ അവകാശം സ്ഥാപിച്ചുകൊടുക്കണം. തെളിവ് ഹാജാരാക്കിയില്ലെങ്കില്‍ എതിരിലും വിധിക്കണം.
"അലസതയും, അസംതൃപ്തിയും, കക്ഷികളോടുള്ള മോശമായ പെരുമാറ്റവും, വിചാരണവേളയില്‍ വെറുപ്പും വരാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തുക. സത്യസന്ധര്‍ക്കു മാത്രമെ ഈ സൂക്ഷ്മത പുലര്‍ത്താനാവൂ. അതിന് അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലമുണ്ട്. അത് അവെന്റ അടുത്ത് അതിശ്രേഷ്ഠമായ സൂക്ഷിപ്പു സ്വത്തത്രെ.
"ആത്മാര്‍ത്ഥതയാടെ, സദുദ്ദേശ്യപൂര്‍വം പ്രവര്ത്തിക്കുന്നവെന്റ പിഴവുകള്‍ അല്ലാഹു പൊറുത്തു തരും. ആരെങ്കിലും, അയാളിലില്ലെന്ന് അല്ലാഹുവിന് അറിയാവുന്ന വല്ല സ്വഭാവവും പുറംലോകത്ത് പ്രകടിപ്പിക്കുന്നുവേങ്കില്‍, അല്ലാഹു അവനെ അപമാനിതനാക്കും.
"അല്ലാഹു ഒഴിച്ചുളളവരുടെ പ്രതിഫലത്തെയും ആഹാരത്തെയും കാരുണ്യത്തെയും സംബന്ധിച്ച് താങ്കളെന്തു ധരിക്കുന്നു? അവ നന്നെ നിസ്സാരം തന്നെ, തീര്‍ച്ച."
പ്രമുഖ പണ്ഡിതനായ ഇമാം ഹസന്‍ ബസ്വരി, ഉമറുബ്നു അബ്ദില്‍ അസീസിനെഴുതി: "വിശ്വാസികളുടെ നായകാ, അറിയുക! നീതിമാനായ ഭരണാധികാരി, അവശര്‍ക്ക് അവലംബവും, ഭീതര്‍ക്ക് ആശ്വാസമരുളുന്നവനും, ദുര്‍മാര്‍ഗികളെ സംസ്കരിക്കുന്നവനും, ഏഴകള്‍ക്ക് തോഴനും, മര്‍ദ്ദിതര്‍ക്ക് മോചകനും, അശരണര്‍ക്ക് അഭയമേകുന്നവനും ആയിരിക്കണം.
"നീതിമാനായ ഭരണാധികാരി, പുത്ര വത്സലനായ പിതാവിനെപ്പോലെയാണ്. അയാള്‍ തെന്റ അനന്തരവര്‍ക്കായി അവിരാമം അധ്വാനിക്കും. പ്രായമാവുമ്പോള്‍ വിദ്യാഭ്യാസം നല്‍കും. അവരുടെ ഭാവിക്കുവേണ്ടി ജീവിതകാലം മുഴുവന്‍ പരമാവധി പണിയെടുത്ത് പണമുണ്ടാക്കും.
"നീതിമാനായ ഭരണാധികാരി, സ്നേഹസമ്പന്നയും കാരുണ്യവതിയുമായ മാതാവിനെപ്പോലെയാണ്. അവര്‍ ക്ലേശം സഹിച്ച് ഗര്‍ഭം ചുമക്കുന്നു. പ്രയാസമനുഭവിച്ച് പ്രസവിക്കുന്നു. പിഞ്ചു പൈതലായിരിക്കെ, കുഞ്ഞിനെ പ്രിയത്തോടെ പരിലാളിക്കുന്നു. അവന്‍ ഉണരുമ്പോഴെല്ലാം അവള്‍ ഉറക്കമുപേക്ഷിക്കുന്നു. അവളുടെ ആനന്ദമൊക്കെയും അവെന്റ സുഖത്തിലായിരിക്കും. അവള്‍ അവനെ മുലയൂട്ടുന്നതും, മുലകുടി നിറുത്തുന്നതുമെല്ലാം അവെന്റ ന?യോര്‍ത്തു മാത്രം. അവളുടെ സുഖദുഃഖങ്ങളെല്ലാം അവനെ ആശ്രയിച്ചാണ്.
"വിശ്വാസികളുടെ നായകാ, നീതിമാനായ ഭരണാധികാരി, അനാഥരുടെ നാഥനാണ്. അഗതികളുടെ നിധി സൂക്ഷിപ്പുകാരനും. ബാല്യത്തില്‍ അവന്‍ അവരെ വളര്‍ത്തണം. വലുതാകുമ്പോള്‍ അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കണം.
"നീതിമാനായ ഭരണാധികാരി, അല്ലാഹുവിനും അവെന്റ അടിമകള്‍ക്കുമിടയില്‍ നിലകൊള്ളുന്നവനാണ്. ദിവ്യവചനങ്ങള്‍ സ്വയം കേള്‍ക്കുകയും മറ്റുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യേണ്ടതാണ്. അല്ലാഹുവിലേക്ക് നോക്കുകയും അവനെ അവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടത് ഭരണാധികാരിയാണ്. അയാള്‍ അവങ്കലേക്ക് മുന്നേറണം. ഭരണീയരെ അങ്ങോട്ട് നയിക്കുകയും വേണം.
"വിശ്വാസികളുടെ നായകാ, അല്ലാഹു താങ്കളെ ചുമതലപ്പെടുത്തിയ കാര്യങ്ങളില്‍, തെന്റ യജമാനനോട് വിശ്വാസ വഞ്ചന കാണിച്ച അടിമയെപ്പോലെയാവാതിരിക്കട്ടെ താങ്കള്‍. യജമാനന്‍ തെന്റ സമ്പത്തും സന്തതികളും സംരക്ഷിക്കാന്‍ അയാളെ ഏല്‍പിച്ചു. അയാളവട്ടെ, സമ്പത്ത് ധൂര്‍ത്തടിക്കുകയും, സന്താനങ്ങളെ വിരട്ടിയോടിക്കുകയും ചെയ്തു. കുടുംബത്തെ പട്ടിണിയിലാക്കി. സമ്പത്തെല്ലാം നശിപ്പിച്ചു.
"അറിയുക: ഹീന വൃത്തികളും നീച നടപടികളും ഇല്ലാതാക്കാനാണ് അല്ലാഹു ശിക്ഷാ നിയമങ്ങള്‍ നല്‍കിയത്. നിയമം നടപ്പാക്കേണ്ടവര്‍ തന്നെ അത് ലംഘിച്ചാലോ? ശിക്ഷ വിധിക്കേണ്ടവര്‍ തന്നെ വിധിക്കപ്പെടേണ്ടവരായാലോ? തെന്റ അടിമകളുടെ സുരക്ഷിതത്വത്തിനാണ് അല്ലാഹു കൊലയാളിക്ക് വധശിക്ഷ നിശ്ചയിച്ചതു. അതു നടപ്പാക്കേണ്ടവര്‍ ഘാതകനായാലോ? മരണത്തെയും മരണാനന്തരമുള്ള മറുലോകത്തെയും മറക്കാതിരിക്കുക. അപ്പോഴത്തെ നിസഹായത സദാ സ്മരിക്കുക. അതിനാല്‍ പരലോകത്തേക്കാവശ്യമായ പാഥേയം ഒരുക്കുക.
"താങ്കള്‍ ഇന്ന് വസിക്കുന്ന വീടിനപ്പുറം മറ്റൊരു ഭവനമുണ്ട്. അതിലെ ഉറക്കം ഏറെ ദീര്‍ഘമത്രെ. താങ്കളെ ഇരുള്‍ മുറ്റിയ ആ വീട്ടില്‍ തനിച്ചാക്കി ഇഷ്ടജനങ്ങളെല്ലാം വിടപറയും. അവരെല്ലാം മടങ്ങിപ്പോകും. അപ്പോഴേക്ക് അവിടേക്കാവശ്യമായ ആഹാരമൊരുക്കുക, അവധിയെത്തും മുമ്പ്്. പ്രതീക്ഷകള്‍ പൊലിയുംമുമ്പ്, ആവശ്യമായത്ര സമയം അനുവദിക്കപ്പെട്ടിരിക്കുന്നു.
"അനിസ്ലാമികവും അതിക്രമപരവുമായ ഭരണം അല്ലാഹുവിെന്റ അടിമകളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. അതിക്രമകാരികളെപ്പോലെ അവരോട് പെരുമാറരുത്. അഹങ്കാരികളെ അധികാരസ്ഥാനങ്ങളില്‍ അവരോധിക്കരുത്. അങ്ങനെ ചെയ്താല്‍ സ്വന്തം കുറ്റങ്ങളോടൊപ്പം അവരുടെ പാപങ്ങളും പേറേണ്ടിവരും. സ്വന്തം ചുമടുകള്‍ക്കൊപ്പം അവരുടെ ഭാരവും വഹിക്കേണ്ടിവരും. താങ്കളെ പട്ടിണിയുടെ പടുകുഴിയില്‍ പിടിച്ചു തള്ളാനായി, ആഢംബര പൂര്‍ണമായ ജീവിതം നയിക്കുന്നവരും, അന്ത്യനാളില്‍ അങ്ങയുടെ ആസ്വാദ്യകരമായ ആഹാരം തട്ടിത്തെറിപ്പിക്കാനായി, ഉത്തമഭോജ്യങ്ങള്‍ ആസ്വദിച്ച് സുഖലോലുപതയില്‍ ആറാടുന്നവരും താങ്കളെ വഞ്ചിക്കാതിരിക്കട്ടെ.
"അധികാരത്തില്‍ അഹങ്കരിക്കാതിരിക്കുക, പ്രൗഢിയില്‍ പൊങ്ങച്ചം നടിക്കാതിരിക്കുക. നാളത്തെ സ്ഥിതി സ്മരിക്കുക. മരണത്തിെന്റ ചൂണ്ടലില്‍ കുടുങ്ങിക്കിടക്കേണ്ടി വരുമ്പോള്‍, ലോകരക്ഷിതാവായ അല്ലാഹുവെ ചൂണ്ടലില്‍ കുടുങ്ങികിടക്കേണ്ടി വരുമ്പോള്‍, ലോകരക്ഷിതാവയ അല്ലാഹുവെ സംബന്ധിച്ച ഭയത്താല്‍ സകല മുഖങ്ങളും വിറകൊള്ളുമ്പോള്‍, മലക്കുകളുടെയും പ്രവാചക?ാരുടെയും സാന്നിധ്യത്തില്‍, അവെന്റ മുമ്പില്‍ നില്‍ക്കേണ്ടിവരുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്ന് ഓര്‍ക്കുക!
ഈ എഴുത്ത് ഒരാള്‍ തെന്റ ആത്മമിത്രത്തിന് നല്‍കുന്ന ഔഷധമായി കരുതുക. കയ്പുള്ള മരുന്ന്! പക്ഷെ, ഇത് സൗഖ്യവും രോഗശാന്തിയും സമ്മാനിക്കും. അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. അവെന്റ രക്ഷയും കാരുണ്യവും അങ്ങയുടെ മേല്‍ വര്‍ഷിക്കുമാറാവട്ടെ."
No comments:
Post a Comment