ഇസ്ലാമി​‍െന്‍റ നീതിദര്‍ശനം


എ.കെ ബ്രോഹി
മനുഷ്യാവകാശ സങ്കല്‍പങ്ങളെക്കുറിച്ചുള്ള ഇസ്ലാമിക നിയമസംഹിതയുടെ സത്തയെക്കുറിച്ചു ഞാനെന്തു കരുതുന്നു . ഇസ്ലാമിക നിയമത്തി​‍െന്‍റ സ്വഭാവത്തെക്കുറിച്ചും ആധുനിക ലോകത്ത്‌ അവയുടെ പ്രസക്തിയെക്കുറിച്ചും പഠിക്കാന്‍ ഞാന്‍ ചെലവഴിച്ച മുപ്പതോളം വര്‍ഷങ്ങളിലൂടെ വ്യാപിച്ചു നില്‍ക്കുന്ന പരിഗണനാര്‍ഹമായ ചിന്തകളുടെ ഫലമാണിത്‌. മനുഷ്യ​‍െന്‍റ സ്വാസ്ഥ്യത്തിനും മോചനത്തിനും നമ്മുടെ നിയമസംഹിത നല്‍കിയ തുല്യതയില്ലാത്ത സംഭാവനകളെ ഇസ്ലാമിക വീക്ഷണകോണിലൂടെ അവതരിപ്പിക്കാന്‍ അതുകൊണ്ടുതന്നെ എനിക്ക്‌ കഴിയേണ്ടതാണ്‌. എന്നാല്‍ ഈ ചുമതല ഫലപ്രദമായി നിറവേറ്റണമെങ്കില്‍ നിയമശാസ്ത്രത്തി​‍െന്‍റ ഏറ്റവും പ്രധാന സങ്കല്‍പമായ നീതിയെ ഇസ്ലാം എങ്ങിനെ മനസിലാക്കുന്നു എന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്‌.

"ഭൂമിയില്‍ എപ്പോഴാണ്‌ നീതി പുലര്‍ന്നു കാണുക?" നബിയോട്‌ ഒരിക്കല്‍ ഇങ്ങനെ ചോദിക്കപ്പെട്ടു. 'ഒരാളോട്‌ മറ്റൊരാള്‍ അനീതി ചെയ്യുന്നത്‌ കാണാനിടയാവുന്ന ഒരു വ്യക്തി, അനീതിക്കിരയായ വ്യക്തിക്കുണ്ടാവുന്ന അത്രതന്നെ വേദന അനുഭവിക്കാതിരിക്കുന്ന കാലത്തോളം നീതി പുലര്‍ന്നു എന്നു പറയുക വയ്യ" ഇതായിരുന്നു പ്രവാചക​‍െന്‍റ മറുപടി. 'കുഫ്ര് (അവിശ്വാസം) കുറച്ചു കാലത്തേക്ക്‌ ഒരു നാട്ടില്‍ ഭരണം നടത്തി എന്ന്‌ വരാം. എന്നാല്‍ അനീതിക്ക്‌ അധികകാലം അങ്ങനെ ചെയ്യാന്‍ സാധ്യമല്ല എന്ന്‌ ഇസ്ലാമി​‍െന്‍റ നാലാം ഖലീഫയായിരുന്നു ഹസ്രത്ത്‌ അലി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
നീതിപൂര്‍വ്വമായ ജീവിത സമ്പ്രദായത്തി​‍െന്‍റ സംസ്ഥാപനത്തിനുള്ള ഇസ്ലാമി​‍െന്‍റ ഉപാധി അനീതിയെ തുറന്നു കാട്ടുകയും അതിനെതിരായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്തുകയും അതിന്നിരയായവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുക എന്നുള്ളതാണ്‌. ത​‍േന്‍റത്തായ തലത്തില്‍ തിന്മ യഥാര്‍ത്ഥമാണ്‌ എന്ന്‌ ഇസ്ലാം കരുതുന്നു. തിന്മ ചെയ്യുന്നതിനെക്കുറിച്ച്‌ ഇസ്ലാം ഗൗരവപൂര്‍വമായ വീക്ഷണം വെച്ചു പുലര്‍ത്തുന്നുണ്ട്‌. അതിനാല്‍ നന്മ ഉയര്‍ത്തിപ്പിടിക്കുകയും തിന്മ തടയുകയും ചെയ്യുന്നത്‌ തങ്ങളുടെ ചുമതലയാണെന്നു കരുതുന്ന ഒരു വിഭാഗം ആളുകള്‍ സമൂഹത്തില്‍ നിലനില്‍ക്കണമെന്ന്‌ ഇസ്ലാം ഊന്നിപ്പറയുന്നു.

അന്തിമമായി മഹത്തായ എല്ലാ മതങ്ങളുടെയും സംഭാവന, അവ പഠിപ്പിക്കുന്ന ഉദാത്തമായ ധാര്‍മ്മിക ബോധവും ആ ധാര്‍മ്മികബോധം നടപ്പില്‍ വരുത്താന്‍ അവ നല്‍കുന്ന അനുവാദങ്ങളുമാണ്‌. 'ധാര്‍മികതയെക്കുറിച്ച്‌ പറയാനെളുപ്പമാണ്‌ എന്നതില്‍ സംശയമില്ല. പക്ഷെ; മതം കൂടാതെ നിങ്ങള്‍ക്കതിനെ ഫലപ്രദമാക്കാന്‍ കഴിയുകയില്ല" എന്ന്‌ ഷോപ്പനോവര്‍ പറയാറുണ്ടായിരുന്നു. അവസാനകൈക്ക്‌ ധാര്‍മ്മിക-സദാചാരത്തി​‍െന്‍റ യഥാര്‍ത്ഥ അംഗീകാരം മതത്തില്‍ മാത്രമാണ്‌; ധാര്‍മ്മിക മൂല്യങ്ങള്‍ പരമോന്നതമാണ്‌ എന്നും അവ മറ്റു യാതൊരുവിധ മൂല്യങ്ങള്‍ക്കും അധീനമല്ല എന്നുമുള്ള അര്‍ത്ഥത്തില്‍ ധാര്‍മികാടിസ്ഥാനത്തില്‍ മാത്രമെ അത്‌ ശക്തിയും ഈടുനില്‍ക്കുന്നുള്ളൂ. അധാര്‍മിക മാര്‍ഗങ്ങളെ ആശ്രയിച്ചു നേടിയ ഒന്നിനെയും ദീര്‍ഘകാലം നിലനിര്‍ത്തുവാന്‍ കഴിയുകയില്ല. അതിനാല്‍ ധാര്‍മ്മിക നിയമസംഹിതക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ മനുഷ്യപരിണാമത്തി​‍െന്‍റ നിയമങ്ങള്‍ക്കെതിരായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇത്‌ തന്നെയാണ്‌ സമഗ്രമായിപ്പറയുകയാണെങ്കില്‍, ആശയങ്ങളുടെ ശ്രേണിയില്‍ നന്മ എന്ന ആശയത്തിന്‌ ഏറ്റവുമുയര്‍ന്ന സ്ഥാനം നല്‍കുമ്പോള്‍ പ്ലാറ്റോ ഉദ്ദേശിച്ചതും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതായിരുന്നു ഏറ്റവും ഉന്നതമായ മൂല്യം. എന്താണ്‌ ശരി എന്നും എന്ത്‌ ചെയ്യുന്നതാണ്‌ ഉചിതം എന്നും നമ്മോട്‌ പറയുക എന്നതാണ്‌ ധാര്‍മ്മികതയുടെ ചുമതല. നിയമസംഹിതയുടെ ചുമതലയാകട്ടെ, മനുഷ്യ ജീവിതത്തെ സഹജീവികളുമായുള്ള ബന്ധത്തി​‍െന്‍റ അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നതില്‍ നേരിട്ടു പങ്കുവഹിക്കാന്‍ പ്രാപ്തമായ തരത്തില്‍ അത്തരം സദാചാര കാര്യങ്ങള്‍ നടപ്പില്‍ വരുത്തുകയാണ്‌. നിയമങ്ങള്‍ മതനിരപേക്ഷമാണെങ്കില്‍ തീര്‍ച്ചയായും അവ മതനിരപേക്ഷമായ തലത്തില്‍ മാത്രമേ നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ അവ മതപരമാണെങ്കില്‍ ഈ ജീവിതത്തില്‍ മാത്രമല്ല, വരാനിരിക്കുന്ന ജീവിതത്തിലും നമ്മുടെ ചെയ്തികള്‍ക്കുണ്ടായേക്കാവുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍കൂടി അവ നടപ്പിലാക്കുമ്പോള്‍ കണക്കിലെടുക്കപ്പെടുന്നു.

എല്ലാ ഘട്ടങ്ങളിലും മനുഷ്യ​‍െന്‍റ ധാര്‍മിക പുരോഗതി യുക്തിചിന്തയുടെ വളര്‍ച്ചയില്‍ അടങ്ങിയിരിക്കുന്നു. നൈതികമായ വളര്‍ച്ചയുടെ മുന്‍ഗാമിയാണ്‌ യുക്തിപരമായ വളര്‍ച്ച. ബുദ്ധിപരമായ വളര്‍ച്ചയും സദാചാരപരമായ വളര്‍ച്ചയും ഒത്തൊരുമിച്ചുപോകുന്നു. ലോകത്ത്‌ നല്ലവനായിരിക്കുന്നതിലുള്ള നന്മ എന്താണ്‌ എന്ന ചോദ്യം ടോള്‍സ്റ്റോയി മുതല്‍ നമ്മുടെ കാലഘട്ടത്തിലെ ചിന്തകര്‍വരെയുള്ള ഒരു വലിയ വിഭാഗം ആളുകളോട്‌ ചോദിച്ചുപോന്ന ഒരു ചോദ്യമാണ്‌. ഒരു അധാര്‍മ്മിക സമൂഹത്തില്‍ സ്വയം രക്ഷ പ്രാപിക്കാന്‍ സദാചാരനിരതനായ ഒരു മനുഷ്യന്‌ എന്ത്‌ ചെയ്യാന്‍ കഴിയും എന്നത്‌ പലപ്പോഴും ചോദിക്കപ്പെട്ടിട്ടുള്ള മറ്റൊരു ചോദ്യമാണ്‌. ധാര്‍മികമായ ഒരു പശ്ചാത്തലത്തില്‍ വെറും വ്യക്തിയുടെ അവകാശവാദങ്ങളെക്കാള്‍ മനുഷ്യരാശിയുടെ അവകാശവാദങ്ങള്‍ക്ക്‌ ഉയര്‍ന്ന വിലയുണ്ട്‌ എന്ന്‌ നാം കരുതുന്നുവേങ്കില്‍ മാത്രമെ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുവാന്‍ കഴിയുകയുള്ളൂ. സദാചാരത്തി​‍െന്‍റ കാര്യത്തില്‍ യൂണിറ്റ്‌ വെറും സ്ത്രീയോ പുരുഷനോ അല്ല. മനുഷ്യരാശി ഒന്നടങ്കമാണ്‌. ബുദ്ധിപരമായ വളര്‍ച്ചയുടെ കാര്യത്തില്‍ വ്യക്തി മാത്രമാണ്‌ മൂല്യവാഹകന്‍. അയാളിലൂടെയാണ്‌ മനുഷ്യരാശി ഒന്നടങ്കം ഗുണമനുഭവിക്കുന്നത്‌. ഈ വസ്തുത ഒരാള്‍ മനസിലാക്കിയേ മതിയാവൂ സദാചാര ചിന്ത പൂര്‍ണമായ മനുഷ്യാവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു അനിവാര്യമായതെങ്കിലും നാം ഈ അവസ്ഥയുടെ ഒരു ഭാഗം മാത്രമാണ്‌. ഒരിക്കല്‍ ശ്രദ്ധയുടെ കേന്ദ്രബിന്ദു മനുഷ്യ​‍െന്‍റ ജൈവഘടനയില്‍നിന്നു കോശത്തിലേക്ക്‌ മാറ്റപ്പെട്ടു കഴിഞ്ഞാല്‍, അതായത്‌ മനുഷ്യരാശിയില്‍നിന്ന്‌ വ്യക്തിയിലേക്ക്‌ അല്ലെങ്കില്‍ സാമൂഹ്യപ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാമാന്യമായ വ്യക്തിബന്ധങ്ങളില്‍നിന്ന്‌ തികച്ചും വ്യക്തിപരമായ സ്വഭാവത്തി​‍െന്‍റ മൂല്യങ്ങളുടെ മാത്രം പരിഗണനകളിലേക്ക്‌ മാറ്റപ്പെട്ടുകഴിഞ്ഞാല്‍ ധാര്‍മികത അതി​‍െന്‍റ ചുമതലകളോടുള്ള സത്യസന്ധത അവസാനിപ്പിക്കുക തന്നെ ചെയ്യുന്നു. അങ്ങനെ അത്‌ വന്ധ്യവും പ്രയോജനരഹിതവുമായിത്തീരുന്നു.

യുക്തിചിന്തയുടെ അത്യുന്നത സോപാനങ്ങളിലെത്തിച്ചേര്‍ന്ന ഗ്രീക്ക്‌ ചിന്തകര്‍, തങ്ങള്‍ക്ക്‌ എന്തൊക്കെ സാദ്ധ്യമാണോ അവയോടൊക്കെ ആകാവുന്നത്ര കൂറ്‌ പുലര്‍ത്തുന്നവരായിരിക്കെത്തന്നെ, ശരിയായ പെരുമാറ്റം എന്ന പ്രശ്നത്തെ നീതിയുടെ അടിസ്ഥാനത്തിലാണ്‌ പരിഗണിച്ചതു. അവരുടെ ലക്ഷ്യം നീതിമാനായ മനുഷ്യന്‍ ആയിരുന്നു. നീതിമാനായ മനുഷ്യന്‍ എന്നത്‌ ഒരമൂര്‍ത്ത സങ്കല്‍പമായി കാണാന്‍ നിങ്ങള്‍ക്ക്‌ കഴിയുകയില്ല. കാരണം നീതി എന്നത്‌ അതി​‍െന്‍റ ഏറ്റവും ചെറിയ രൂപത്തില്‍പ്പോലും മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധമാണ്‌. നീതിമാനമായ ഒരു മനുഷ്യന്‌ നീതിയുടെ ഈ ലക്ഷ്യത്തെ കൂടുതല്‍ വ്യാപ്തമാക്കാന്‍ പാകത്തില്‍ മനുഷ്യബന്ധങ്ങള്‍ക്ക്‌ വിശാലമായ പ്രസക്തിയുണ്ടാവേണ്ടതുണ്ട്‌. തീര്‍ച്ചയായും ഈ ദിശയില്‍ ഖുര്‍ആന്‍ കുറേകൂടി മുന്‍പോട്ടു പോകുന്നു. മറ്റുള്ളവരോട്‌ അനീതി പ്രവര്‍ത്തിക്കുന്ന മനുഷ്യനെ തന്നോടു തന്നെ അനീതി ചെയ്യുന്നവനെയാണ്‌ ഖുര്‍ആന്‍ ഗണിക്കുന്നത്‌. നാം ജീവിക്കുകയും ചലിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്ന വിശാലമായ ഒരു സമന്വയത്തില്‍, അനീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന ഒരാള്‍ യഥാര്‍ത്ഥത്തില്‍ തനിക്ക്‌ തന്നെ അപകടം വരുത്തിവെക്കുകയാണ്‌ ചെയ്യുന്നത്‌ എന്നതാണ്‌ ഇതിന്‌ കാരണം. അയാള്‍ സ്വയം തന്നെ ഈ വ്യവസ്ഥയുടെ ഒരവിഭാജ്യഘടകമാണല്ലോ മനുഷ്യരാശി ഒന്നടങ്കം, ഖുര്‍ആന്‍ അനുസരിച്ച്‌ ഒറ്റവ്യക്തിയെപ്പോലെ നഫ്‌ സുന്‍വാഹിടയാണ്‌ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. ഒരു മനുഷ്യനെ വധിക്കുമ്പോള്‍ നിങ്ങള്‍ മനുഷ്യരാശിയെ മുഴുവനുമാണ്‌ മൃതപ്പെടുത്തുന്നത്‌.

പില്‍ക്കാലത്ത്‌ മെഡിറ്ററേനിയന്‍ ലോകത്ത്‌ ഗ്രീക്ക്‌ ചിന്തയുടെ സന്ധ്യാവേളകളില്‍ ഗ്രീക്കു യുക്തി വിചാരം ഒരു തിരിച്ചടിയെ നേരിടുകയും വൈദേശിക സ്വാധീനങ്ങളാല്‍ വികൃതമാക്കപ്പെടുകയും ചെയ്തു തദ്ഫലമായി നീതിമാനായ മനുഷ്യനെ ആശയം സ്റ്റോയിക്കുകളുടെയും എപ്പിക്യൂറിയന്മാരുടെയും (ആത്മസംയമികളുടെയും സുഖാസക്തരുടെയും) കീഴില്‍ ജ്ഞാനിയായ മനുഷ്യന്‍ എന്ന ആശയത്തിന്‌ വഴിമാറിക്കൊടുത്തു. ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന വേദനകളില്‍നിന്നും കഷ്ടപ്പാടുകളില്‍നിന്നും എല്ലാ സ്വാധീനങ്ങളുമുപയോഗിച്ച്‌ സ്വയം രക്ഷപ്പെടാനുള്ള ഉപായങ്ങള്‍ മുഴുവന്‍ അറിയുന്ന ഒരാള്‍ എന്നതാണ്‌ ഈ സങ്കല്‍പത്തി​‍െന്‍റ അര്‍ത്ഥം. ഗ്രീക്ക്‌-റോമന്‍ ലോകങ്ങളുടെ രണ്ട്‌ മതങ്ങള്‍ സ്റ്റോയിസിസവും എപിക്യൂറിയനിസവുമാണ്‌ എന്ന്‌ ഒരു പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ പറയുന്നു. ജീവിതത്തി​‍െന്‍റ ഭാഗ്യവിപര്യയങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലങ്ങളില്‍നിന്ന്‌ താരതമ്യതലത്തിലുള്ള വിമുക്തിയെങ്കിലും വ്യക്തിക്കുണ്ടായിരിക്കുന്ന തരത്തില്‍ വ്യക്തിസ്വഭാവത്തെ രൂപപ്പെടുത്തുമാറ്‌ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തി​‍െന്‍റ ക്രമീകരണമാണ്‌ തങ്ങളുടെ ലക്ഷ്യം എന്ന നിലക്കല്ല ഈ രണ്ടു മതങ്ങളും ചിന്തിച്ചതു. അങ്ങനെ ധാര്‍മ്മികത അതി​‍െന്‍റ ശ്രദ്ധ മനുഷ്യനും മനുഷ്യനും തമ്മിലുള്ളബന്ധങ്ങളുടെ ക്രമീകരണത്തില്‍ കേന്ദ്രീകരിക്കാതായി. പകരം മനുഷ്യനെ സ്വയം സൃഷ്ടിച്ച ഒരു ലോകത്തി​‍െന്‍റ ഉടമയായിക്കാണാനും അവനെ ആശ്വസിപ്പിക്കാനും സുഖപ്പെടുത്താനും തുടങ്ങി. ഈ പ്രക്രിയ പിന്നീട്‌ ഒരു പടികൂടി മുമ്പോട്ട്‌ പോയി, നിലവിലുണ്ടായിരുന്ന തത്വചിന്താധിഷ്ഠിത മതങ്ങളുടെ ലക്ഷ്യം ജ്ഞാനിയായ മനുഷ്യന്‍ എന്നതായിരുന്നു. അത്‌ പുണ്യവാളനെന്നതിലേക്ക്‌ എത്തിച്ചേര്‍ന്നു. അതായത്‌, ഏതെങ്കിലും ദുരിതങ്ങള്‍ അന്യരെയോ തന്നെത്തന്നെയോ വിഷമിപ്പിക്കുമ്പോള്‍ അതില്‍ സുഖം കണ്ടെത്തുകയും അന്തരംഗങ്ങളില്‍ ശാന്തി അനുഭവിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍ ദുരിതങ്ങളുടെ കാരണങ്ങളെ ഇല്ലാതാക്കുന്നതായിരുന്നില്ല ഈ സമ്പ്രദായം, മറിച്ച്‌, നിത്യശാന്തിയുടെ ലോകത്തേക്ക്‌ പ്രവേശിക്കണമെങ്കില്‍ ഈ ലോകത്ത്‌ ദുരിതങ്ങളനുഭവിക്കുകതന്നെ വേണമെന്ന മിഥ്യാദര്‍ശനത്താല്‍ മനുഷ്യന്‍ നയിക്കപ്പെടുകയായിരുന്നു. അങ്ങനെ മനുഷ്യദുരിതങ്ങള്‍, എന്തിന്‌ മര്‍ദ്ദനങ്ങളും ഭീകരവാഴ്ചകളുംപോലും, വേണ്ടത്ര എതിര്‍ക്കപ്പെടാത്ത ഒരവസ്ഥ വന്നു. മനുഷ്യന്‍ അവയുടെ പിടിത്തത്തില്‍നിന്ന്‌ മോചിപ്പിക്കപ്പെട്ടിട്ടില്ല. പകരം അവയുമായി യോജിച്ചുപോവാനാണ്‌. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവയില്‍ സുഖം കണ്ടെത്താനാണ്‌ നിര്‍ദ്ദേശിക്കപ്പെട്ടത്‌. അയാള്‍ക്ക്‌ മതത്തി​‍െന്‍റ ധാരാളം ആശ്വാസവചനങ്ങള്‍ നല്‍കപ്പെട്ടു. എന്ത്‌ സംഭവിച്ചാലും അതൊക്കെ നല്ല ബുദ്ധിയോടെ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു, കാരണം, അതാണല്ലോ വിധി. വിനയാന്വിതനും അനുസരണശീലനുമാണല്ലോ അവസാനം സ്വര്‍ഗസാമ്രാജ്യത്തില്‍ പ്രവേശിക്കുക. അങ്ങനെ, മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളുടെ ചട്ടവട്ടങ്ങള്‍, തിന്മയുടെ ഉച്ചാടനം, നന്മയുടെ സംസ്ഥാപനം തുടങ്ങിയ ധാര്‍മികതയുടെ ലക്ഷ്യങ്ങള്‍ കാണാമറയത്ത്‌ നഷ്ടപ്പെടുകയും മറക്കപ്പെടുകയുമാണുണ്ടായത്‌. നീതിമാനായ മനുഷ്യന്‍ എന്ന സങ്കല്‍പം ജ്ഞാനിയായ മനുഷ്യന്‍ എന്ന സങ്കല്‍പത്തിനും വഴിമാറിക്കൊടുത്തതിനാല്‍ തിന്മ കുറ്റകൃത്യത്തിന്‌ തുല്യമാണെന്നും അതിനാല്‍ നീതിക്കുവേണ്ടിയുള്ള ദാഹം ധാര്‍മ്മികമായ നന്മയും സദാചാരപരമായ ശ്രേഷ്ഠതയുമാണെന്ന്‌ അതുവരെ നിലനിന്നിരുന്ന ധാരണ ചില ശ്രേഷ്ഠ സാഹചര്യങ്ങളുടെയും തോന്നലുകളുടെയും വികാരങ്ങളുടെയും ധാരണകളുമായി കൂട്ടിക്കുഴയാന്‍ തുടങ്ങി. ആ ധാരണകളുടെ ഉടമസ്ഥാവകാശമാകട്ടെ, ജീവിതത്തി​‍െന്‍റ ലക്ഷ്യങ്ങളുമായി കരുതപ്പെടുകയും ചെയ്തു.

No comments:

Post a Comment