Showing posts with label വിധിയും കൊതിയും. Show all posts
Showing posts with label വിധിയും കൊതിയും. Show all posts

വിധിയും കൊതിയും



കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണ്‌ നമ്മുടെ മനസ്സ്‌. നല്‍ക്കാതെ പാഞ്ഞുകാണ്ടിരിക്കും. അറ്റമില്ലാത്ത ആശകളാണ്‌ മനസ്സിനെ ഇങ്ങനെ പായാന്‍ പ്രേരിപ്പിക്കുന്നത്‌. ആശിച്ചതൊന്ന്‌ കിട്ടുമ്പോള്‍ മറ്റൊന്നാശിക്കും. അത്‌ കിട്ടിയാല്‍ പിന്നെ വേറൊന്നാശിക്കും. ആശക്ക്‌ ഇങ്ങനെ അതിരില്ലാതിരിക്കുമ്പോള്‍ അത്‌ ദുരാശയാകുന്നു. ദുരാശയുടെ ഫലം നിരാശ തന്നെ.

ഒരു കളിക്കോപ്പ്‌ കൊണ്ട്‌ ഒരു മണിക്കൂര്‍ കളിക്കുമ്പോള്‍ അതിനോടുള്ള കമ്പം തീരുന്നു. പിന്നെ പിന്നെ ഹരം കിട്ടണമെങ്കില്‍ വേറൊന്നു കിട്ടണം. പുതിയ വസ്ത്രം ഒന്ന്‌ രണ്ട്‌ പ്രാവശ്യം അലക്കിയാല്‍ പിന്നെ ആശ നിറവേറ്റുന്നില്ല, ആവശ്യം നിറവേറുമെങ്കിലും. പത്രാസുള്ള ഒരു വീട്‌ വേണമെന്നാശിച്ചു. വളരെ പണിപ്പെട്ടു നിര്‍മിച്ചു കഴിയുമ്പോള്‍ അതിലും വലിയ പത്രാസുള്ളവ വേറെ ഉയരുന്നു. പിന്നെ ഏറ്റം വലിയതിന്‌ പൂതി. കാല്‍നടക്കാരന്‌ സൈക്കിളിനാശ. സൈക്കിളുള്ളവന്‌ കറിനാശ. കാറുള്ളവന്‌ വിമാനത്തിനാശ. യാതൊരതിരുമില്ലാതെ ആശകള്‍ ഇങ്ങനെ നീളും. ഈ ആശകളൊക്കെ നിറവേറ്റുവാന്‍ ആളുകള്‍ തെറ്റിലേക്ക്‌ നീങ്ങും. തെറ്റുകളുടെ പിന്നാലെ പോകുന്നവര്‍ക്ക്‌ ഒരിക്കലും പണം മതിയാവില്ല. കണക്കില്ലാതെ നേര്‍വഴിക്ക്‌ പണം കിട്ടുകയുമില്ല. അപ്പോള്‍ കളവ്‌, വഞ്ചന, കൊല, കൈക്കൂലി, അഴിമതി തുടങ്ങിയ നീചകൃത്യങ്ങളെ ശരണം പ്രാപിക്കുന്നു. അങ്ങനെ നാടാകെ വഷളാകുന്നു. ജീവനും സ്വത്തിനും അഭിമാനത്തിനും വിലയില്ലാതാവുന്നു. എന്ത്‌ ചെയ്താലും നിരാശ ബാക്കിയാവുകയും ചയ്യും.

ഈ അപകടത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഒരേ ഒരു വഴിയേയുള്ളു. ആവശ്യങ്ങള്‍ക്ക്‌ ഒരതിര്‌ വെക്കുക. ആ ആവശ്യങ്ങള്‍ക്ക്‌വേണ്ടി പരിശ്രമിക്കുകയും വേണം. അത്‌ നേടിക്കഴിഞ്ഞാല്‍ സന്തുഷ്ടനായിരിക്കണം. കുറേയൊക്കെ വിരസത സഹിക്കാന്‍ ചെറുപ്പത്തിലേ ശീലിക്കേണ്ടതാണ്‌. കൊതിച്ചതൊക്കെ കിട്ടുന്നതല്ല. വിധിച്ചതേ കിട്ടൂ. ഈ വിശ്വാസം മനസ്സില്‍ ഉറച്ചിരിക്കട്ടെ.